മുംബൈ: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷഹറൂഖ് പിടിയിലായത് ആശുപത്രിയിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുമ്പോൾ. ഇന്നലെ രാത്രിയാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ ശരീരത്തിൽ പൊള്ളലേറ്റും മുറിവേറ്റുമുള്ള പരിക്കുകളുണ്ട്. രത്നഗിരിയിലെ സിവിൽ ആശുപത്രിയിലാണ് ഇയാൾ ചികിത്സ തേടിയത്. ട്രെയിൻ മാർഗമാണ് ഇയാൾ രത്നഗിരിയിൽ എത്തിയത്. മുഖത്തേറ്റ പരിക്കിന് ചികിത്സ തേടിയാണ് ഇയാൾ രത്നഗിരിയിൽ എത്തിയത്. അന്വേഷണസംഘം പിടികൂടാൻ എത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിന് പിന്നാലെ ഇവിടെ നിന്നും ഇയാൾ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ആക്രമണത്തിന് ശേഷം ട്രെയിനിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ വീണാണ് ഇയാളുടെ തലയ്ക്ക് പരിക്കേറ്റത് എന്നാണ് വിവരം
അക്രമം നടന്ന് നാലാം ദിവസമാണ് പ്രതിയെ പിടികൂടിയിരിക്കുന്നത്. ഇയാൾക്ക് വേണ്ടി വിവിധ അന്വേഷണ ഏജൻസികൾ രാജ്യവ്യാപകമായി തിരച്ചിൽ നടത്തി വരികയായിരുന്നു. മഹാരാഷ്ട്ര എടിഎസും സെൻട്രൽ ഇന്റലിജൻസും സംയുക്തമായാണ് പ്രതിയെ പിടികൂടിയത്. കേന്ദ്ര ഏജൻസികളാണ് പ്രതിയെ കുറിച്ചുള്ള വിവരം എടിഎസിന് കൈമാറിയത്. പ്രതിയെ ഉടൻ തന്നെ കേരള പോലീസിന് കൈമാറും
പ്രതി എന്ത് ലക്ഷ്യത്തിലാണ് ആക്രമണം നടത്തിയത്, പിന്നിൽ മറ്റാരെങ്കിലുമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ഇനി ഷഹറൂഖിൽ നിന്ന് അറിയാനുള്ളത്. നിലവിൽ കേരളാ പോലീസിന്റെ ഒരു സംഘം രത്നഗിരിയിലുള്ളത്. രേഖാചിത്രത്തിന്റെ അടിസ്ഥാനത്തിൽ നേരത്തെ രണ്ട് പേരെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.
ഞായറാഴ്ച രാത്രി 9.27നാണ് ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഡി 1 കോച്ചിലാണ് ഷഹറൂഖ് ആക്രമണം നടത്തിയത്. യാത്രക്കാരുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. രക്ഷപെടാനുള്ള ശ്രമത്തിനിടെ മൂന്ന് പേർ ട്രെയിനിൽ നിന്ന് വീണ് മരിക്കുകയും ചെയ്തിരുന്നു.
Discussion about this post