ന്യൂഡൽഹി : കശ്മീർ മുതൽ കന്യാകുമാരി വരെ റോഡ് എന്ന സ്വപ്നം ഉടൻ സാക്ഷാത്ക്കരിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. റോഹ്താങ്ങിൽ നിന്ന് ലഡാക്ക് വരെ നാല് തുരങ്ക പാതകൾ നിർമ്മിക്കും. സോജില, ഇസഡ്-മോർ എന്നീ തുരങ്കങ്ങൾ ബന്ധിപ്പിക്കും. പുതിയ ഹൈവേ ഡൽഹിയും ചെന്നൈയും തമ്മിലുള്ള ദൂരം 1,312 കിലോമീറ്റർ ആയി കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
റോഡ് ഗതാഗതം സംബന്ധിച്ച പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെ രണ്ടാം യോഗത്തിൽ പങ്കെടുക്കാനാണ് കേന്ദ്ര മന്ത്രി കേന്ദ്രഭരണ പ്രദേശത്തെത്തിയത്. 2014ൽ മോദി സർക്കാർ അധികാരത്തിൽ വന്നപ്പോൾ തന്നെ ജമ്മു കശ്മീരിലെ റോഡിന്റെ അടിസ്ഥാന സൗകര്യവികസനത്തിനായി ഒരു റോഡ്മാപ്പ് തയ്യാറാക്കിയിരുന്നുവെന്ന് ഗഡ്കരി പറഞ്ഞു.
തുടർന്ന് ജമ്മു കശ്മീരിൽ 1.25 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് ഏറ്റെടുത്തത്. ഈ പദ്ധതികൾ പൂർത്തിയാകുന്നതോടെ, ജമ്മു കശ്മീരിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം നാലിരട്ടിയായി വർദ്ധിക്കും. ആളുകൾ സ്വിറ്റ്സർലന്റിലേക്ക് വിനോദയാത്ര പോകുന്നു. എന്നാൽ നമ്മുടെ ജമ്മു കശ്മീർ അതിലും മനോഹരമാണെന്ന് ഗഡ്കരി പറഞ്ഞു. വിനോദസഞ്ചാരികൾക്ക് സൗകര്യം ഒരുക്കുന്നതിനായി ജമ്മു കശ്മീർ ഭരണകൂടം 13 ഏക്കർ സ്ഥലം കണ്ടെത്തി. വിനോദസഞ്ചാരികളുടെ ഒഴുക്ക് പ്രദേശവാസികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഇടയാക്കും. വരും വർഷങ്ങളിൽ ജമ്മു കശ്മീരിന്റെ റോഡ് ശൃംഖലയെ അമേരിക്കൻ നിലവാരത്തിലേക്ക് എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീർത്ഥാടനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, അമർനാഥ് യാത്രാ റൂട്ടിൽ ശേഷ്നാഗിനും പഞ്ജതർണിക്കുമിടയിൽ ഒരു തുരങ്കം നിർമ്മിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. ഇത് യാത്രാ സമയം നിലവിലുള്ള മൂന്ന് ദിവസങ്ങത്തിൽ നിന്ന് വെറും ഒമ്പത് മണിക്കൂറായി കുറയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. അമർനാഥ് യാത്രക്കാരുടെ സൗകര്യത്തിനായി 5,300 കോടി രൂപ ചെലവിൽ ഖനബാൽ മുതൽ പഞ്ജതർണി വരെ 110 കിലോമീറ്റർ റോഡ് നിർമ്മിക്കും.
ചന്ദൻവാരി മുതൽ പഞ്ജതർണി വഴി ബാൽട്ടൽ വരെയുള്ള 37 കിലോമീറ്റർ പാതയുടെ ഡിപിആർ ഈ വർഷം ഒക്ടോബറിൽ പൂർത്തിയാകും. ശേഷ്നാഗിനും പഞ്ജതർണിക്കുമിടയിൽ 10.8 കിലോമീറ്റർ നീളമുള്ള തുരങ്കം നിർമ്മിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. 4,660 കോടി രൂപ ചെലവിൽ നിർമിക്കുന്ന ശ്രീനഗർ റിങ് റോഡ് നഗരത്തിലെ ഗതാഗതക്കുരുക്കും മലിനീകരണവും കുറയ്ക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
Discussion about this post