കൊച്ചി: ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ രൂക്ഷ വിമർശനമായി ഹൈക്കോടതി. നമ്മുടെ സംവിധാനമാണ് വന്ദനയുടെ ജീവൻ നഷ്ടപ്പെടുത്തിയത്. വന്ദനയുടെ മാതാപിതാക്കളെ തീരാദു:ഖത്തിലാഴ്ത്തിയതും ഇതേ സംവിധാനമാണെന്ന് ഹൈക്കോടതി വിമർശിച്ചു. സർക്കാർ ന്യായീകരിക്കാൻ ശ്രമിക്കുന്നുവെന്നും കോടതി പറഞ്ഞു. കൊലപാതകത്തിൽ പോലീസ് സമർപ്പിച്ച വിശദമായ റിപ്പോർട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നതിനിടെയായിരുന്നു രൂക്ഷവിമർശനം.
സന്ദീപിനെ പ്രൊസീജിയർ റൂമിൽ കയറ്റിയപ്പോൾ പോലീസ് എവിടെയായിരുന്നുവെന്നും കോടതി ചോദിച്ചു. വസ്തുതകളെ വളച്ചൊടിക്കരുത്. വസ്തുത വസ്തുതയായി തന്നെ പറയണം. പരിശോധനക്കായി രോഗിയെ മുറിയിൽ കയറ്റിയപ്പോൾ പോലീസ് എവിടെയായിരുന്നു. പ്രൊസീജിയർ റൂമിൽ പോലീസുകാരുടെ നിരീക്ഷണം ഉണ്ടായിരുന്നില്ല. ഡോ.വന്ദന ഭയന്ന് നിന്നപ്പോൾ പോലീസ് രക്ഷയ്ക്ക് എത്തിയില്ലേ? 11 തവണയാണ് പ്രതി ഡോ.വന്ദനയെ കുത്തിയത്. ഡോ.വന്ദനയ്ക്ക് നീതി കിട്ടുന്നതിനാകണം പോലീസ് അന്വേഷണം. ഇനിയൊരാള്ക്കും ഈ ഗതി ഉണ്ടാകരുതെന്നും ഹൈക്കോടതി പറഞ്ഞു.
സർക്കാർ വിഷയത്തെ ഗൗരവത്തോടെ കാണണം. ഇതിനെ ഒരിക്കലും സർക്കാർ അലസമായി കാണരുത്. ഭയത്തിൽ നിന്നാണ് ഡോക്ടർമാർ സമരം നടത്തുന്നത്. പ്രതി മജിസ്ട്രേറ്റിനെ ആക്രമിക്കുന്ന കാലവും വിദൂരമല്ലെന്നും കോടതി പറഞ്ഞു. ഡിജിപി ഓൺലൈനായാണ് കോടതിയിൽ ഹാജരായത്. ആക്രമണം നടന്നത് എങ്ങനെയാണെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത്കുമാർ കോടതിയിൽ വിശദീകരിച്ചു. സന്ദീപിന്റെ കാലിലെ മുറിവ് വൃത്തിയാക്കാനായി കാൽ താഴ്ത്തിവയ്ക്കാൻ നഴ്സ് ആവശ്യപ്പെട്ടു. എന്നാൽ സന്ദീപ് ഇതിന് തയ്യാറായില്ല. ബന്ധുവായ രാജേന്ദ്രൻ പിള്ള കാൽ ബലമായി താഴ്ത്തിയതാണ് സന്ദീപിനെ പ്രകോപിപ്പിച്ചതെന്നും എഡിജിപി കോടതിയെ അറിയിച്ചു.
Discussion about this post