തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ ഇനി കെ- സ്റ്റോറുകളാകും. ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. പൊതുവിതരണ സംവിധാനത്തെ കാലാനുസൃതമായി നവീകരിക്കുന്നതിന്റെ ഭാഗമായി റേഷൻ കടകളെ വൈവിധ്യവത്ക്കരിച്ച് കെ – സ്റ്റോറുകളാക്കുകയാണെന്ന് പിണറായി വിജയൻ പറഞ്ഞു.
ആദ്യ ഘട്ടത്തിൽ 108 കെ – സ്റ്റോറുകളാണ് സജ്ജമാക്കിയിരിക്കുന്നത്. സപ്ലൈകോ ശബരി ഉത്പന്നങ്ങളുടെ വിൽപ്പന, 10,000 രൂപ വരെയുള്ള പണമിടപാടുകൾക്കുള്ള സൗകര്യം, പൊതുജന സേവനകേന്ദ്രങ്ങൾ, മിൽമ ഉത്പന്നങ്ങൾ, മിനി എൽ പി ജി സിലിണ്ടർ എന്നീ സേവനങ്ങൾ കെ-സ്റ്റോറുകൾ മുഖേന ലഭ്യമാക്കും.
ഭക്ഷ്യസാധനങ്ങളുടെ ചോർച്ച പൂർണ്ണമായി തടയുന്നതിനും വാതിൽപ്പടി വിതരണം കൃത്യതയോടെ നടപ്പാക്കുന്നതിനുമായി ഒരു ജി പി എസ് ട്രാക്കിംഗ് സംവിധാനം നടപ്പാക്കിയിട്ടുണ്ട്. പയ്യന്നൂർ, കോന്നി, വെള്ളരിക്കുണ്ട് എന്നിവിടങ്ങളിൽ ശാസ്ത്രീയമായി ഗോഡൗൺ നിർമ്മിക്കുന്നതിന് 17 കോടി രൂപയുടെ പദ്ധതിയും ആവിഷ്ക്കരിച്ചു. ഘട്ടംഘട്ടമായി സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളെയും കെ-സ്റ്റോറുകളാക്കി പരിഷ്ക്കരിക്കും. ഗുണമേന്മയുള്ള ഭക്ഷ്യ സാധനങ്ങൾ ന്യായവിലയിൽ ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളിലൂടെ പൊതുവിതരണ സംവിധാനത്തെ കൂടുതൽ ശക്തമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post