ന്യൂഡൽഹി; ചാരവൃത്തിക്കേസിൽ സ്വതന്ത്രമാദ്ധ്യമപ്രവർത്തരനെതിരെ സിബിഐ കേസെടുത്തു. വിവേക് രഘുവംശിക്കെതിരെയാണ് കേസെടുത്തത്. ഡിഫൻസ് റിസർച്ച് ഡെവലപ്മെന്റ് ഓർഗനൈസേഷനെയും (ഡിആർഡിഒ) സൈന്യത്തെയും കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ ശേഖരിച്ച് വിദേശ രാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജൻസികളുമായി പങ്കുവെച്ചെന്ന കുറ്റത്തിനാണ് രഘുവംശിക്കെതിരെ സിബിഐ കേസെടുത്തത്.
ഒഫീഷ്യൽസ് സീക്രട്ട്സ് ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് വിവേക് രഘുവംശിക്കെതിരെ കേസെടുത്തതെന്ന് സിബിഐ വ്യക്തമാക്കി.ഡൽഹി, നോയിഡ, ഗുരുഗ്രാം, ജയ്പൂർ എന്നിവിടങ്ങളിലെ 12 സ്ഥലങ്ങളിൽ പരിശോധന നടത്തുകയും ചെയ്തതിന് ശേഷമാണ് കേസെടുത്തത്. റെയ്ഡിൽ ഡിജിറ്റൽ രേഖകളും മറ്റും കണ്ടെടുത്തിരുന്നു.
രഘുവംശി ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായി മാറുകയാണെന്നും ഇയാളുടെ പ്രവർത്തനങ്ങൾ കാരണം സൗഹൃദ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധവും സമ്മർദ്ദത്തിലാണെന്നും ആരോപണമുണ്ട്.
Discussion about this post