തിരുവനന്തപുരം: എസ്എഫ്ഐ പ്രവർത്തകർ ലോ കോളജിൽ അദ്ധ്യാപകരെ പൂട്ടിയിട്ട സംഭവത്തിൽ അന്വേഷണം അട്ടിമറിക്കാനും എസ്എഫ്ഐക്കാരെ രക്ഷപെടുത്താനും സർക്കാർ ഇടപെടൽ. എസ്എഫ്ഐ അതിക്രമത്തിൽ കഴുത്തിന് പരിക്കേറ്റ അദ്ധ്യാപിക വികെ സഞ്ജുവിന്റെ പരാതിയെ തുടർന്ന് നടത്തുന്ന ആഭ്യന്തര അന്വേഷണം അട്ടിമറിക്കാനാണ് നീക്കം. ഈ അന്വേഷണം അവസാന ഘട്ടത്തിലെത്തി നിൽക്കെ ഇടത് സംഘടനാ നേതാവ് കൂടിയായ ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറിയെ പുതിയ അന്വേഷണ കമ്മീഷനായി നിയമിച്ചു.
കോളജിൽ കെഎസ് യുവിന്റെ കൊടിമരം നശിപ്പിച്ച സംഭവത്തിൽ 24 എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു പത്ത് മണിക്കൂറിലധികം അദ്ധ്യാപകരെ പൂട്ടിയിട്ട് എസ്എഫ്ഐയുടെ പ്രതിഷേധം. കെഎസ്യു കൊടിമരം നശിപ്പിക്കുന്നതിന്റെയും കത്തിക്കുന്നതിന്റെയും ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമായതിനെ തുടർന്നായിരുന്നു എസ്എഫ്ഐ പ്രവർത്തകരെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്തത്.
21 ഓളം അദ്ധ്യാപകരെയാണ് എസ്എഫ്ഐക്കാർ മുറിയിൽ പൂട്ടിയിട്ടത്. സ്റ്റാഫ് കൗൺസിൽ യോഗം നടന്നുകൊണ്ടിരിക്കെ പ്രതിഷേധവുമായി എത്തിയ പ്രവർത്തകർ മുറി പുറത്തുനിന്ന് പൂട്ടുകയായിരുന്നു. ശ്വാസം മുട്ടൽ ഉണ്ടെന്ന് പറഞ്ഞിട്ടുപോലും അദ്ധ്യാപകരെ പുറത്തു വിടാൻ തയ്യാറായിരുന്നില്ല. പ്രതിഷേധം അവസാനിക്കുന്നത് വരെ അദ്ധ്യാപകർക്ക് വെളളമോ ഭക്ഷണമോ പോലും നൽകിയില്ല. പ്രായമായ അദ്ധ്യാപകർക്ക് മരുന്ന് കഴിക്കാനുണ്ടെന്ന് അറിയിച്ചിട്ടും വിദ്യാർത്ഥികൾ പിൻവാങ്ങിയില്ല.
വിവരം അറിഞ്ഞെത്തിയ പോലീസ് അദ്ധ്യാപകർക്ക് ഭക്ഷണം എത്തിച്ചുകൊടുക്കാൻ ശ്രമിച്ചതും എസ്എഫ്ഐക്കാർ തടഞ്ഞിരുന്നു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ നിവേദനം പരിഗണിച്ചാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചതെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.
വനിതാ അദ്ധ്യാപിക അടക്കമുളള മൂന്നംഗ കമ്മീഷനെ അന്വേഷണത്തിന് നിയോഗിച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി അജയൻ സി ആണ് പുതിയ അന്വേഷണ കമ്മീഷൻ.
Discussion about this post