ഗുവാഹട്ടി : ഹിമന്ത ബിശ്വ ശർമ്മ സർക്കാരിന്റെ സമാധാന ശ്രമങ്ങളുടെ ഭാഗമായി അസമിലെ ഗുവാഹട്ടിയിൽ നടന്ന പ്രത്യേക ചടങ്ങിൽ തീവ്രവാദി ഗ്രൂപ്പുകളിൽ ഉൾപ്പെട്ട 1182 കേഡർമാർ ആയുധം ഉപേക്ഷിച്ചു .എ സി എം എ (ആദിവാസി കോബ്ര മിലിട്ടറി ഓഫ് ആസാം), എ സി എം എ വിമത ഗ്രൂപ്പ്, എ എ എൻ എൽ എ (ഓൾ ആദിവാസി നാഷണൽ ലിബറേഷൻ ആർമി), എ എ എൻ എൽ എ വിമത ഗ്രൂപ്പ്, ബി സി എഫ് (ബിർച്ച കമാൻഡോ ഫോഴ്സ്), ബി സി എഫ് വിമത ഗ്രൂപ്പ്, എ പി എ (ആദിവാസി പീപ്പിൾസ് ആർമി ), എസ് ടി എഫ് (സന്താൽ ടൈഗർ ഫോഴ്സ്) എന്നിവയാണ് ആയുധം താഴെവച്ച തീവ്രവാദ ഗ്രൂപ്പുകൾ .
അത്യാധുനിക തോക്കുകൾ ഉൾപ്പെടെ 304 ആയുധങ്ങളും, 1460 വെടിയുണ്ടകളുമാണ് ഇവർ സർക്കാരിനെ ഏല്പിച്ചത്. 2012 മുതൽ നടന്ന ചർച്ചകൾക്ക് ശേഷം കഴിഞ്ഞ വർഷം സെപ്റ്റംബർ 15 ന് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഈ തീവ്രവാദ ഗ്രൂപ്പുകളുമായി കരാർ ഒപ്പുവെച്ചിരുന്നു. കരാറിന് അനുസൃതമായി അസം സർക്കാർ 16 അംഗ ആദിവാസി ക്ഷേമവികസനകൗൺസിൽ രൂപീകരിച്ചു.
“എട്ട് ആദിവാസി തീവ്രവാദി ഗ്രൂപ്പുകൾ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരാൻ ആയുധം താഴെ വെച്ചത് സമാധാന പ്രക്രിയയിലേക്ക് എല്ലാ അസംതൃപ്തവിഭാഗങ്ങളെയും കൊണ്ടുവരാനുള്ള ഞങ്ങളുടെ ശ്രമങ്ങൾക്ക് ലഭിച്ച നേട്ടമാണ് . അസമിൽ സമാധാനം ശക്തിപ്പെടുത്തുന്നതിനും സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള യാത്രയിലേക്ക് എല്ലാവരെയും ഒപ്പം കൊണ്ടുപോകുന്നതിനുമുള്ള സുപ്രധാന ദിനമാണിത് .” മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
ചർച്ചയ്ക്ക് തയ്യാറാകണമെന്ന് തീവ്രവാദ സംഘടനയായ ഉൾഫ (സ്വതന്ത്ര)യോടും ശർമ്മ അഭ്യർത്ഥിച്ചു. “സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും താൽപ്പര്യം മുൻനിർത്തി ഉൾഫയും ചർച്ചയ്ക്ക് വരണം,” അദ്ദേഹം ആവശ്യപെട്ടു. കീഴടങ്ങിയ എല്ലാ തീവ്രവാദികളുടെയും പുനരധിവാസത്തിനായി ഓരോരുത്തർക്കും നാല് ലക്ഷം രൂപയുടെ പാക്കേജും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മുന്ന് വർഷത്തേക്ക് മാസംതോറും ആറായിരം രൂപയും സർക്കാർ അവർക്ക് നൽകും.
Discussion about this post