ആഗ്ര: സഹിഷ്ണുതയെക്കുറിച്ച് രാജ്യത്ത് വിവാദങ്ങള്‍ നിലനില്‍ക്കെ അതിന്റെ മൂല്യത്തെ കുട്ടികളിലേക്കെത്തിക്കുകയാണ് ആഗ്രയിലെ ഒരു മദ്രസ്സ. ഹിന്ദു-മുസ്ലിം വിഭാഗത്തിലുള്ള കുട്ടികളെ സംസ്കൃവും അറബിയും പഠിപ്പിക്കുന്നുണ്ട് ഈ മദ്രസ്സയില്‍.
ആഗ്ര നഗരത്തിന്റെ അതിര്‍ത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന മൊയിന്‍-ഉള്-ഇസ്ലാം എന്ന മദ്രസ്സയിലാണ് സംസ്കൃതവും അറബിയും പഠിപ്പിക്കുന്നത്. സംസ്കൃതവും അറബിയും പഠിപ്പിക്കുന്ന രാജ്യത്തെ തന്നെ ഏക മദ്രസ്സയാണിത്. മൂന്ന് അധ്യാപകരാണ് ഇവിടെ സംസ്കൃതം പഠിപ്പിക്കുന്നത്.
മത പണ്ഡിതരുമായി കൂടിയാലോചിച്ച ശേഷം കഴിഞ്ഞ മാസമാണ് സംസ്കൃത ഭാഷ പഠിപ്പിക്കാന്‍ തുടങ്ങിയതെന്ന് മദ്രസ്സ പ്രിന്‍സിപ്പാള്‍ മൗലാന ഉസൈര്‍ ആലം പറഞ്ഞു. ജീവിതത്തില്‍ നൈതികത, സഹിഷ്ണുത, വിജ്ഞാനം എന്നിവയോടുള്ള സമീപനത്തെ ഉറപ്പിക്കാനാണ് ഇത്തരമൊരു തുടക്കത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് പഠിക്കുന്ന കോ-എജുക്കേഷന്‍ സിസ്റ്റമാണ് ഇവിടെയുള്ളത്. 400ാേളം വിദ്യാര്‍ത്ഥികളില്‍ 150 പേര് ഹിന്ദു വിഭാഗത്തിലുള്ളവരാണ്. അറബി, ഉറുദു, സംസ്കൃതം, ഹിന്ദി, ഇംഗ്ലിഷ് എന്നീ ഭാഷകള്‍ ഇവര്‍ അനായാസമായി എഴുതുകയും വായിക്കുകയും ചെയ്യും.
ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള മദ്രസ്സില്‍ ഭാഷാ പഠനത്തിന് പുറമെ കമ്പ്യൂട്ടര്‍, സയന്‍സ്, സോഷ്യല്‍ സ്റ്റഡീസ്, ഗണിതം എന്നീ വിഷയങ്ങളും പഠിപ്പിക്കുന്നുണ്ട്. 1929 ല്‍ ആരംഭിച്ച മദ്രസ്സയില്‍ ഹിന്ദു കുട്ടികള്‍ക്കും പ്രവേശനം നല്കി തുടങ്ങിയത് 2005 മുതലാണ്.
Discussion about this post