കോട്ടയം : സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇല്ലെന്ന് വെളിപ്പെടുത്തി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. പുതുപ്പളളി നിയോജക മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ മക്കളിലൊരാൾ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ പടരുന്നുണ്ട്. മകൻ ചാണ്ടി ഉമ്മനോ മകൾ അച്ചു ഉമ്മനോ പിതാവ് മത്സരിച്ച് വിജയിച്ച മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന വാർത്തകളാണ് പാർട്ടി പ്രവർത്തകർക്കിടയിൽ ഉൾപ്പെടെ പ്രചരിക്കുന്നത്. ഈ സാഹചര്യത്തിലാണ് അച്ചു ഉമ്മൻ നിലപാട് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയത്.
പിതാവിന്റെ മരണം നടന്ന് ഇത്രയും പെട്ടെന്ന് ഇത്തരം ചർച്ചകളിലേക്ക് കടക്കുന്നതിൽ വിഷമമുണ്ട്. താൻ എന്നും അപ്പയുടെ തണലിലാണ് ജീവിച്ചിരുന്നത്. ഇനിയും ഉമ്മൻ ചാണ്ടിയുടെ മകൾ എന്ന് മാത്രം അറിയപ്പെടാനാണ് ആഗ്രഹം. ഇപ്പോൾ വിദേശത്താണ് താമസിക്കുന്നത്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയെന്നത് വിദൂര സ്വപ്നങ്ങളിൽ പോലും ഇല്ലാത്ത കാര്യമാണെന്നും അച്ചു ഉമ്മൻ വ്യക്തമാക്കി.
അടുത്ത സ്ഥാനാർത്ഥി ആരാകണമെന്ന് പാർട്ടിയാണ് തീരുമാനിക്കുന്നത്. വീട്ടിൽ അപ്പ കഴിഞ്ഞാൽ ഏക രാഷ്ട്രീയക്കാരൻ ചാണ്ടി ഉമ്മനാണ്. എന്നാൽ ചാണ്ടി ഉമ്മന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ചർക്കളിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്നും കാര്യങ്ങൾ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നതിനാലാണ് ഇക്കാര്യം അറിയിക്കുന്നത് എന്നും അച്ചു ഉമ്മൻ കൂട്ടിച്ചേർത്തു.
Discussion about this post