മോദിയുടെ ഇന്ത്യ ഫാത്തിമയുടേയും
ആയിരം കള്ളങ്ങൾക്കുള്ള മറുപടിയാണിത്. സ്വാതന്ത്ര്യവും സന്തോഷവും ഭരണ പ്രഭുക്കൾക്കൾക്കും മതഭീകരർക്കും മാത്രമായി ഒസ്യത്ത് എഴുതിയ ഭരണഘടനാ പ്രമാണങ്ങൾ കാറ്റിൽ പറത്തിയതിനെതിരെ കൊടുങ്കാറ്റു പോലെ ആഞ്ഞടിച്ച ആയിരം നുണകൾക്കുള്ള മറുപടി. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് തന്നെയാണ് വിഷയം.
സത്യത്തിനെ പിടിച്ചു കെട്ടിയിട്ടാണ് നുണ അന്നു നാടു ചുറ്റാനിറങ്ങിയത്. കൊടിയ മനുഷ്യാവകാശലംഘനങ്ങളുടെ കഥകൾ പറഞ്ഞു പരത്തി രാജ്യത്തെ സ്വദേശത്തും വിദേശത്തും അപമാനിക്കുന്നതിൽ ‘എക്കാലത്തേയും ഭാവിപ്രധാനമന്ത്രി’യായ ‘അന്തകവിത്തു’മുതൽ അവരുടെ അരമന ‘അടിച്ചുതളിക്കാരൻ’ വരെയുണ്ടായിരുന്നു. വായ്ക്ക് ഒഴിവുവന്ന ഇടവേളകളിൽ മാധ്യമങ്ങളിലെ മികച്ച ‘വായനക്കാര്’ ആ കഥകൾ ഏറ്റുപാടി. അവർക്ക് തോല്പിക്കേണ്ടത് ഇന്ത്യയെ ആയിരുന്നു!
ദില്ലിയുടെ സിംഹാസനത്തിലിരുന്ന സത്യനിഷ്ഠനായ ഒരു ത്യാഗിയുടെ മൗനങ്ങളെപ്പോലും വിശ്വസിച്ച ജനം ആ കഥകളെയെല്ലാം അവിശ്വസിച്ചു. നീതിയുടെ വെളിച്ചം പുലരുന്നതിനു മുമ്പുള്ള ഇരുട്ടാണ് പരക്കുന്നത് എന്നവർക്കറിയാമായിരുന്നു.
വെടിയൊച്ചകൾ നിലയ്ക്കുകയും കശ്മീരിന്റെ ചുമപ്പ് കുങ്കുമത്തിന്റെ മാത്രമാവുകയും ചെയ്തു. തെരുവിൽ നിന്നും രക്തവും കണ്ണീരും അപ്രത്യക്ഷമായി. പാട്ടും ആട്ടവും ആനന്ദത്തെ കൊണ്ടു വന്നു. മഞ്ഞിനും കൊടുങ്കാറ്റിനും കീഴടങ്ങാഞ്ഞ ആപ്പിൾ ചെടികൾ സമൃദ്ധിയെ ദാനം ചെയ്തു. ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അതിതാണ് എന്ന് വീണ്ടും വീണ്ടും പറയാൻ സഞ്ചാരികൾ കശ്മീരിന്റെ താഴ് വരകളെ തേടിച്ചെന്നു കണ്ടു. ദാൽ തടാകങ്ങളിൽ ഓളങ്ങൾ നിലച്ചതേയില്ല.
സെയ്ദ്, അബ്ദുള്ള കുടുംബങ്ങളെ നിദ്രാവിഹീനമാക്കി സന്തോഷവും സ്വാതന്ത്ര്യവും തെരുവുകളിലേക്ക്, സാധാരണക്കാരിലേക്ക് പടിയിറങ്ങി വന്നു ! ആ സന്തോഷമാണ് ‘നുസ്രത്ത് ഫാത്തിമ’ എന്ന പെൺകുട്ടി രാജ്യത്തിനോട് പങ്കു വയ്ക്കുന്നത്. നുസ്രത്തിന്റെ വാക്കിനും പ്രവർത്തിക്കും രാജ്യത്തോട് അവൾ പറയാതെ പറഞ്ഞ ചിലതു പറയാനുണ്ട്.
‘ആൺകുട്ടികൾക്കു വേണ്ടി മാത്രമല്ല ഞങ്ങൾക്കു വേണ്ടിയും കശ്മീർ മാറിയിരിക്കുന്നു’ എന്നവൾ പറയുമ്പോൾ അവൾക്കറിയാം രാജ്യമിപ്പോൾ ‘ഒരു സ്ത്രീയുടെ’ മാത്രമല്ല എന്ന് ! രണ്ടു കൈകളും വിട്ട് റോയൽ എൻഫീൽഡ് ഓടിക്കുമ്പോഴുള്ള സ്വാതന്ത്ര്യം അവളെ ഓർമ്മിപ്പിക്കുന്നത് ‘മറ്റിരു കൈകൾ’ അവളെ സുരക്ഷിതയാക്കുമെന്നാണ്!
മാറിയ ഇന്ത്യയുടെ,മാറ്റിയ കാഷ്മീരിന്റെ ‘സ്ത്രീ ഹൃദയ’മാണ് നുസ്രത്ത് ഫാത്തിമ. ആണിനു വേണ്ടി മാത്രമല്ല പെണ്ണിനു വേണ്ടിക്കൂടി രാജ്യം പരുവപ്പെട്ടത് അവൾ തിരിച്ചറിയുന്നു. കൈകൾ ഉയർത്തി ആ സ്വാതന്ത്ര്യം ആഘോഷിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
പക്ഷെ നിരാശാഭരിതരായ കുടുംബ സ്നേഹികൾക്ക് രാജ്യ സ്നേഹികളെ തോല്പിച്ചേ മതിയാകൂ. നുണയാണ് പ്രധാന ആയുധം, ദുരന്തങ്ങളാണുത്സവം! സന്തോഷം തെരുവിൽ നിൽക്കുന്നത് അവർക്കിഷ്ടമല്ല. കൊളുത്തിയും എരിച്ചും എങ്ങനെയെങ്കിലും അതിനെ ജനങ്ങളിൽ നിന്നും ഓടിച്ച് സ്വന്തം കുടുംബത്ത് മാത്രമായി തളച്ചിടണം.
രാജ്യത്തെ തോല്പിക്കാനുള്ള എളുപ്പ വഴി ‘ഇന്ത്യ’യെന്ന് സ്വയം പേരിടുകയാണ്. കാവിലെ പാട്ടുമത്സരം കഴിയുമ്പോൾ ‘തോറ്റത് അപ്പുക്കുട്ടനല്ല ഇന്ത്യയാണ്’ എന്നു പറയാമല്ലോ!
എന്തായാലും നുസ്രത്ത് ഫാത്തിമമാരുടെ സന്തോഷത്തിന്റെ വിളക്കണയും എന്നു തോന്നുന്നില്ല കാരണം അവർക്കറിയാം അവരുടെ ‘അച്ഛനാ’ണ് ഇന്ത്യ ഭരിക്കുന്നത്.!
Discussion about this post