പുരാണങ്ങളിലെ കഥകൾ ഭാവനയും മിത്തും ആയിരിക്കാം, എന്നാൽ ഗണപതി മിത്തല്ല. അതേസമയം ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടി നടന്നു എന്ന് പറയുന്നത് നല്ല ഒന്നാന്തരം മിത്താണ്. പതിനാറാമത് പൊൻകുന്നം ഗണേശോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സ്വാമി ചിദാനന്ദപുരി.
പതിറ്റാണ്ടുകളായി തുടരുന്ന ഹൈന്ദവ നിന്ദയുടെ ഏറ്റവും പാരമ്യതയിൽ എത്തിയ അവസ്ഥയാണ് ഇപ്പോഴത്തെ പരാമർശങ്ങൾ. അഭിപ്രായം പറയുവാനും വിമർശിക്കുവാനും ആർക്കും അവകാശമുണ്ട്. പക്ഷെ നിയമസഭാ സ്പീക്കർ എന്ന പദവിയിലിരുന്നുകൊണ്ട് ഒരു വിഭാഗത്തെ മാത്രം അവഹേളിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.
ചന്ദ്രനെ രണ്ടായി പിളർത്തിയിരുന്നു എന്നും അത് കൂട്ടി യോജിപ്പിച്ചു എന്നുമൊക്കെ പറയുന്നത് മിത്താണ്. അത് പരസ്യമായി പറയുവാൻ സ്പീക്കർ തയാറാവുമോ? സ്വാമിജി ചോദിച്ചു.
ഹൈന്ദവസമൂഹത്തിനെതിരെ നിരന്തരം നടക്കുന്ന കടന്നാക്രമണങ്ങൾക്കെതിരെ നമ്മൾ മൗനം വെടിയണം. നമ്മെ രക്ഷിക്കുവാൻ, നമ്മൾ തന്നെ മുന്നിട്ടിറങ്ങണം. ഇപ്പോൾ പ്രതികരിച്ചില്ലെങ്കിൽ ഹൈന്ദവർക്ക് ലഭിക്കുന്നത് ശരശയ്യ ആയിരിക്കും.
നമ്മുടെ സമൂഹത്തിൽ നിലനിന്നിരുന്ന അനീതികൾക്കെതിരെ എന്നും പ്രതികരിച്ചിട്ടുള്ളത് ആത്മീയ നേതാക്കൾ തന്നെയാണ്. സ്വാമി വിവേകാനന്ദനും ശ്രീനാരായണഗുരും ചട്ടമ്പി സ്വാമികളും യുക്തിവാദികൾ ആയിരുന്നില്ല, അവർ ആത്മീയ നേതാക്കൾ ആയിരുന്നു. അദ്ദേഹം ചൂണ്ടിക്കാണിച്ചു.
രാജ്യത്ത് മതപരമായ വിവേചനം അവസാനിക്കണമെങ്കിൽ ‘ഒരു രാഷ്ട്രം ഒരു സമൂഹം ഒരു നിയമം’ രാജ്യത്തു നടപ്പാകണം. ഇന്ന് സമൂഹത്തിന് ആവശ്യം അതാണ്. സ്വാമിജി വ്യക്തമാക്കി.
ഗണേശോത്സവത്തിന്റെ അവസാനദിനമായ ഞായറാഴ്ച്ച ഹൈന്ദവ ധർമ്മ പ്രചാരകൻ ശ്രീ രാജേഷ് നാദാപുരം സനാതന ധർമ്മത്തേക്കുറിച്ച് പ്രഭാഷണം നടത്തും. വൈകിട്ട് മണക്കാട് ശ്രീഭദ്രാ ക്ഷേത്രത്തിൽ വിഗ്രഹ നിമജ്ജനം നടക്കുന്നത്തോടെ ഈവർഷത്തെ ഗണേശോത്സവം സമാപിക്കും.
Discussion about this post