പുതുപ്പളളി: പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വത്തിൽ തന്നെ പിന്തുണച്ചതിന് സോണിയാഗാന്ധിക്കും രാഹുലിനും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്കും നന്ദി പറഞ്ഞ് ചാണ്ടി ഉമ്മൻ. ഫലപ്രഖ്യാപനത്തിന് ശേഷം മാദ്ധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. സകല കോൺഗ്രസ് നേതാക്കളുടെയും പേരെടുത്ത് പറഞ്ഞും ചാണ്ടി ഉമ്മൻ നന്ദി പറഞ്ഞു.
ഒരു കുടുംബാംഗത്തിന് കിട്ടിയ സ്നേഹമാണ് പുതുപ്പളളിയിൽ എനിക്കും കിട്ടിയത്. എന്റെ മനസിൽ കണ്ട ചിത്രം പൂർത്തിയാക്കപ്പെട്ടു. ജനങ്ങൾക്ക് സുഹൃത്തായും സഹോദരനായും വഴികാട്ടിയായും ഉണ്ടാകും. ഉമ്മൻചാണ്ടിയുടെ പ്രവർത്തനങ്ങൾക്ക് ഒപ്പമെത്തുകയെന്നത് ആളുകൾക്ക് വലിയ ഒരു പ്രതീക്ഷയാണ്. പുതുപ്പളളി തന്നെ ഏൽപിച്ച ഉത്തരവാദിത്വം പൂർണമായി നിർവ്വഹിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ഇടതുപക്ഷം ഉയർത്തിയ വികസന വിവാദം പുതുപ്പള്ളിയിലെ ജനങ്ങൾ പുച്ഛിച്ച് തളളി. 53 വർഷക്കാലം അപ്പ നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ആദ്യം മുൻഗണന നൽകുന്നത് തലപ്പാടിയിലെ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയുടെ വികസനത്തിലാണ്. നിലവിൽ അവിടെ ഒപി മാത്രമേയുളളൂ. അവിടെ കിടത്തി ചികിത്സ ഉൾപ്പെടെ ആരംഭിക്കണം. അപ്പയുടെ സ്വപ്നമായിരുന്നു ആ ആശുപത്രി. ഒരു മാസക്കാലം പുതുപ്പളളിയുടെ വികസനത്തിൽ സംസ്ഥാന സർക്കാർ കാണിച്ച താൽപര്യം തുടർന്നും കാണിക്കണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
Discussion about this post