മുംബൈ: ബോളിവുഡ് നടി കരീന കപൂറിന് സമൂഹമാദ്ധ്യമത്തിൽ രൂക്ഷ വിമർശനം. അനാദരവോടെ ദേശീയഗാനം ആലപിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് വിമർശനം ഉയരാൻ ആരംഭിച്ചത്. ദേശീയ ഗാനം പാടുമ്പോൾ എങ്ങനെ നിൽക്കണം എന്ന് പോലും അറിയാത്ത കരീനയോട് സഹതാപം തോന്നുന്നുവെന്നാണ് സമൂഹമാദ്ധ്യമ ഉപയോക്താക്കൾ പറയുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. നെറ്റ്ഫ്ളിക്സിൽ റിലീസിനൊരുങ്ങുന്ന ചിത്രം ജാനെ ജാനിന്റെ പ്രമോഷൻ പരിപാടിയ്ക്കിടെ ദേശീയ ഗാനം സംപ്രേഷണം ചെയ്തു. ഈ വേളയിൽ വേദിയിൽ എത്തിയവരെല്ലാം എഴുന്നേറ്റ് നിന്ന് ഒപ്പം ആലപിച്ചു. എന്നാൽ അറ്റൻഷനായി നിൽക്കേണ്ടതിന് പകരം താരം കൈ മുൻപിലേക്ക് കെട്ടി നിൽക്കുകയായിരുന്നു. ഇതിന് പുറമേ ദേശീയ ഗാനം ആലപിക്കുമ്പോൾ പല തവണ ചിരിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയായിരുന്നു വിമർശനം ആരംഭിച്ചത്.
ദേശീയ ഗാനം ആലപിക്കുമ്പോൾ കരീന കാണിച്ചത് അനാദരവാണെന്നാണ് ഭൂരിഭാഗം പേരും പ്രതികരിച്ചത്. ഇത്ര വലിയ ആളായിട്ട് കൂടി എങ്ങനെ പെരുമാറണം എന്ന് അറിയുന്നില്ല. കരീനയോട് സഹതാപം തോന്നുന്നുവെന്നും ആളുകൾ വിമർശിച്ചു. ദേശീയ ഗാനം പാടുമ്പോൾ പോലും താരം അഭിനയിക്കുകയാണല്ലോ എന്ന പരിഹാസവും ഉയരുന്നുണ്ട്.
Discussion about this post