മുംബൈ: ഓൺലൈൻ വാതുവയ്പ്പ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് നടൻ രൺബീർ കപൂറിന് ഇഡി നോട്ടീസ്. ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. ഈ മാസം 10 ന് ഹാജരാകാനാണ് നിർദ്ദേശം.
ആപ്പിന്റെ പ്രൊമോഷന്റെ ഭാഗമായിരുന്നു രൺബീർ കപൂർ. പ്രൊമോഷനുമായി ബന്ധപ്പെട്ട് ആപ്പ് നിർമ്മാതാക്കളിൽ നിന്നും അദ്ദേഹം പണം പറ്റിയിരുന്നു. ഇതിൽ വിശദമായി അന്വേഷണം നടത്തുന്നതിന്റെ ഭാഗമായിട്ടാണ് നോട്ടീസ് നൽകിയത്. മുംബൈയിലെ ഇഡി ആസ്ഥാനത്ത് ഹാജരാകാൻ ആണ് അദ്ദേഹത്തിന് നൽകിയിരിക്കുന്ന നിർദ്ദേശം.
രൺബീറിന് പുറമേ കേസുമായി ബന്ധപ്പെട്ട് മറ്റ് ബോളിവുഡ് താരങ്ങളും ഇഡിയുടെ നിരീക്ഷണത്തിലാണ്. വരും ദിവസങ്ങളിൽ ഇവരെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് സൂചന.
യുഎഇ ആസ്ഥാനമായുള്ള മഹാദേവ ഓൺലൈൻ ബുക്ക് ആപ്പ് എന്ന വാതുവയ്പ്പ് ആപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ള കേസിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്. നിരവധി കള്ളപ്പണം വെളുപ്പിക്കൽ കേന്ദ്രങ്ങളുമായി ആപ്പിന് ബന്ധമുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇതിന് പിന്നാലെ മുംബൈ, കൊൽക്കത്ത, ബോപ്പാൽ എന്നിവിടങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടർച്ചെയെന്നോണമാണ് രൺബീറിന് നോട്ടീസ് നൽകിയത്.
Discussion about this post