കേഴിക്കോട്: പ്രമുഖ സാഹിത്യകാരി പി വത്സല അന്തരിച്ചു. 85 വയസ്സായിരുന്നു. ഹൃദയഘാതത്തെ തുടർന്ന് ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു മരണം. കേരള സാഹിത്യഅക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഹൃദയാഘാതത്തെ തുടർന്ന് മുക്കം കെഎംസിടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് അന്ത്യം. നെല്ല് എന്ന നോവലിലൂടെയാണ് വത്സല സാഹിത്യലോകത്ത് ശ്രദ്ധേയ ആയത്.
തകർച്ച ആണ് ആദ്യ നോവൽ. ആഗ്നേയം, നിഴലുറങ്ങുന്ന വഴികൾ, അരക്കില്ലം, വേനൽ, കനൽ, പാളയം, കൂമൻകൊല്ലി, ആരും മരിക്കുന്നില്ല, ചാവേർ, വിലാപം തുടങ്ങിയ നിരവധി നോവലുകൾ രചിച്ചിട്ടുണ്ട്. ഇവയിൽ ചിലത് മറ്റ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. നെല്ല് ഹിന്ദിയിലേക്കും, ആഗ്നേയം ഇംഗ്ലീഷ്, കന്നഡ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
നിഴലുറങ്ങുന്ന വഴികൾ എന്ന നോവലിനാണ് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയത്. 2007 ൽ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ അവാർഡും, 2019 ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും ലഭിച്ചു. നോവലുകൾക്ക് പുറമേ ചെറുകഥകൾ, യാത്രാ വിവരണം, ബാലസാഹിത്യം എന്നിവയും രചിച്ചിട്ടുണ്ട്.
Discussion about this post