എറണാകുളം: കുസാറ്റ് ദുരന്തത്തിൽ മരിച്ച വിദ്യാർത്ഥികളിൽ മൂന്ന് വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കാമ്പസിൽ പൊതുദർശനത്തിന് വച്ചു. വിട പറഞ്ഞ വിദ്യാർത്ഥികൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ പ്രമുഖരുൾപ്പെടെ നിരവധി പേരാണ് എത്തിയത്. സാറാ തോമസ്, അതുൽ തമ്പി, ആൻ റുഫ്ത എന്നിവരുടെ മൃതദേഹങ്ങളാണ് പൊതുദർശനത്തിന് വച്ചത്.
പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയതിനു ശേഷമാണ് മൃതദേഹം കാമ്പസിൽ എത്തിച്ചത്. മരിച്ച ആൽവിൻ ജോസഫിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ആൻ റുഫ്തയുടെ മൃതദേഹം ചൊവ്വാഴ്ച സംസ്കരിക്കും. കോളജ് ക്യാമ്പസിലെ പൊതു ദർശനത്തിന് ശേഷം പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലാണ് ആൻ റുഫ്തയുടെ മൃതദേഹം സൂക്ഷിക്കുക. സാറയുടെ സംസ്കാരം നാളെ രാവിലെ നടത്തും. രാവിലെ പത്ത് മണിക്ക് ഈങ്ങാപ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വച്ചായിരിക്കും സംസ്കാരം. പൊതുദർശനത്തിന് ശേഷം മൃതദേഹം താമരശ്ശേരിയിലെ കോരങ്ങാട്ടെ വീട്ടിലേക്ക് കൊണ്ടുപോകും.
അതേസമയം, കുസാറ്റിൽ നടന്ന പരിപാടിയിൽ പുറത്ത് നിന്നുള്ള ആളുകളുടെ തള്ളിക്കയറ്റം ഉണ്ടായതാണ് ഇത്രയും വലിയ ദുരന്തത്തിന് കാരണമെന്ന് വിസി നിയോഗിച്ച സിൻഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോർട്ട് പുറത്തുവന്നു. വിദ്യാർത്ഥികളുടെ ചികിത്സാ ചിലവ് സർവകലാശാല വഹിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ടെക് ഫെസ്റ്റിൽ എക്സിബിഷൻ, ടെക്നിക്കൽ ടോക്സ്, എക്സ്പേർട്ട് ലക്ചറുകൾ എന്നിവയും നടന്നിരുന്നു. കുസാറ്റിന് കീഴിലുളള മറ്റ് കോളജിലെ എൻജിനീയറിംഗ് വിദ്യാർത്ഥികൾക്കും പരിപാടിയിൽ പ്രവേശനമുണ്ട്. പരിപാടിയുടെ ഭാഗമായി നിഖിത ഗാന്ധിയുടെ ലൈവ് കൺസേർട്ട് സംഘടിപ്പിച്ചിരുന്നു. ഇതിന് മുൻപുണ്ടായ തിക്കിലും തിരിക്കിലുമാണ് അപകടം ഉണ്ടായത്. അപകടത്തിൽ 72 പേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.
Discussion about this post