എറണാകുളം: കുസാറ്റിൽ തിരക്കിൽപ്പെട്ട് നാല് പേരും മരിച്ചത് ശ്വാസം മുട്ടിയെന്ന് റിപ്പോർട്ട്. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഈ വിവരം ഉള്ളത്. അതേസമയം മരിച്ച നാല് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
പോലീസ് സർജൻ ഈ വിവരം അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. മരിച്ചവരുടെ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശിനി ആൻ റുഫ്ത, താമരശ്ശേരി സ്വദേശി സാറാ തോമസ്, മുണ്ടൂർ സ്വദേശി ആൽബിൻ എന്നിവരാണ് മരിച്ചത്. ഇതിൽ ആൽബിൻ ഒഴികെ മൂന്ന് പേരും കുസാറ്റിലെ വിദ്യാർത്ഥികളാണ്. ഇവരുടെ മൃതദേഹം ക്യാമ്പസിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. ഇതിന് ശേഷം വീടുകളിൽ എത്തിച്ച് സംസ്കരിക്കും. സംസ്കാര ചടങ്ങുകൾക്കായി ആൽബിന്റെ മൃതദേഹം മുണ്ടൂരിലെത്തിച്ചു.
അതേസമയം കുസാറ്റ് അപകടംസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പരിശോധിക്കും. ആൾക്കൂട്ട നിയന്ത്രണത്തിൽ വീഴ്ചയുണ്ടായോ എന്നാകും അതോറിറ്റി അന്വേഷിക്കുക. ക്രൗഡ് മാനേജ്മെന്റ് സ്പെഷ്യലിസ്റ്റായ അഞ്ജലിയോട് റിപ്പോർട്ട് സമർപ്പിക്കാൻ ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് നിർദ്ദേശിച്ചിട്ടുണ്ട്.
Discussion about this post