കൊച്ചി: യൂട്യൂബിൽ ട്രെൻഡിങ്ങായി തകർക്കുകയാണ് മോഹൻലാലിന്റെ റാക്ക് സോങ്. റിലീസ് ചെയ്ത് അഞ്ച് മണിക്കൂറിനുളളിൽ അഞ്ച് ലക്ഷത്തിലധികം പേരാണ് പാട്ട് കണ്ടത്. ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലൈക്കോട്ടെ വാലിബനിൽ മോഹൻലാൽ സ്വന്തം ശബ്ദത്തിൽ പാടിയ പാട്ടാണ് യൂട്യൂബിലും സോഷ്യൽ മീഡിയയിലും തരംഗമായത്.
വൈകിട്ടാണ് പാട്ട് റിലീസ് ചെയ്തത്. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് മോഹൻലാൽ സിനിമയ്ക്ക് വേണ്ടി പാടുന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്തായ പിഎസ് റഫീഖ് എഴുതിയ വരികളാണ് പ്രശാന്ത് പിളളയുടെ സംഗീത സംവിധാനത്തിൽ മോഹൻലാൽ ആലപിച്ചത്.
നേരത്തെ ടികെ രാജീവ് കുമാറിന്റെ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലും ബർമുഡ എന്ന ചിത്രത്തിലും മോഹൻലാൽ സ്വന്തം ശബ്ദത്തിൽ പാടിയ പാട്ടുകൾ ആരാധകർ ഏറ്റെടുത്തിരുന്നു. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന് വേണ്ടി ചിത്രയുമൊത്ത് പാടിയ കൈതപ്പൂവിൻ എന്ന് തുടങ്ങുന്ന ഗാനം ഇന്നും ഹിറ്റാണ്.
വേറിട്ട വരികളും ആലാപനശൈലിയും സംഗീതവുമാണ് റാക്ക് പാട്ടിനെ വ്യത്യസ്തമാക്കുന്നത്. പ്രത്യേക താളത്തിൽ തുടങ്ങുന്ന പാട്ടിലെ വരികൾ നാടൻ പാട്ടിനെയാണ് ഓർമ്മിപ്പിക്കുന്നത്. റ…റ… റക റക… റ…റ എന്നിങ്ങനെയാണ് വരികൾ…
ചിത്രത്തിന്റെ ഇതുവരെ പുറത്തുവന്ന പോസ്റ്ററുകളാണ് പാട്ടിലെ ദൃശ്യങ്ങളായി ഉൾപ്പെടുത്തിയിട്ടുളളത്. അതുകൊണ്ടു തന്നെ മലൈക്കോട്ടൈ വാലിബനിൽ ലിജോ ജോസ് പെല്ലിശ്ശേരി കാത്തുവെച്ചിട്ടുളള ദൃശ്യവിരുന്ന് കാണാമറയത്ത്
തുടരും. ജനുവരി 25 നാണ് ചിത്രം തിയറ്ററിൽ എത്തുക. പോസ്റ്ററുകൾ നേരത്തെ തന്നെ വൈറലായിരുന്നു.
ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ഒരുമിക്കുന്ന ചിത്രമായതുകൊണ്ടു തന്നെ ആരാധക പ്രതീക്ഷയും വലുതാണ്. പിഎസ് റഫീഖിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം ഒരേ സമയം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ ഡബ്ബ് ചെയ്തും റിലീസ് ചെയ്യും.
Discussion about this post