കാഞ്ഞങ്ങാട്: സംസ്ഥാനത്തെ ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് നടക്കും. ഭാരത് പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് നിർമ്മാണം ആരംഭിക്കുന്നതും പൂർത്തീകരിക്കുന്നതുമായ ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനം ആണ് ഇന്ന് നടക്കുക. വൈകീട്ട് നാല് മണിക്ക് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി നിർവഹിക്കും. കേന്ദ്രമന്ത്രിമാരായ ഡോ.വി.കെ.സിംഗ്, വി. മുരളീധരൻ എന്നിവർക്കൊപ്പം കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസും പങ്കെടുക്കും.നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കാസർകോട് താളിപ്പടപ്പ് മൈതാനത്തിലാണ് പരിപാടി.
പണിപൂർത്തിയായ നീലേശ്വരം റെയിൽവേ മേൽപ്പാലം, ചെറുതോണി പാലം, മൂന്നാർ ബോഡിമേട്ട് റോഡ്, ദേശീയപാത 66-ൽ തിരുവനന്തപുരം മുക്കോല കാരോട് എന്നിവ ഉദ്ഘാടനം ചെയ്യും. ഇടമൺ കടമ്പാട്ടുകോണം ദേശീയപാത, കോതമംഗലം, മൂവാറ്റുപുഴ ബൈപ്പാസുകൾ, തിരുവനന്തപുരം ജില്ലയിലെ ഈഞ്ചയ്ക്കൽ മേൽപ്പാലം, തിരുവല്ലം പാലം, ആനയറ അടിപ്പാത, മുക്കോലയ്ക്ക് സമീപത്തെ പാലം എന്നിവയുടെയും വാളയാർ-വടക്കഞ്ചേരി, മണ്ണുത്തി-ഇടപ്പള്ളി റീച്ചിലെ 12 അടിപ്പാതകളുടെ നിർമാണോദ്ഘാടനവും ഗഡ്കരി കാസർകോട്ട് നിർവഹിക്കും.
40 മീറ്റർ ഉയരത്തിൽ മൂന്നു സ്പാനുകളിലായി നിർമിച്ച ചെറുതോണി പാലത്തിന് 120 മീറ്റർ നീളമുണ്ട്. ഇരുവശങ്ങളിലും നടപ്പാതയുൾപ്പെടെ 18 മീറ്റർ വീതി. ആധുനിക രീതിയിലുള്ള കൈവരിയും ക്രാഷ് ബാരിയറും ഭിന്നശേഷിക്കാർക്ക് സഞ്ചരിക്കുന്നതിനുള്ള ഭാഗവുമൊക്കെയുള്ള പുതിയ പാലത്തിൻറെ നിർമ്മാണ ചിലവ് 20 കോടിയാണ്. കൊച്ചി -ധനുഷ്കോടി ദേശീയ പാതയുടെ ഭാഗമായ മുന്നാർ മുതൽ ബോഡിമേട്ടുവരെ 42 കിലോമീറ്ററിന് ചിലവ് 382 കോടി രുപയാണ് ചെലവായത്. മൂന്നാർ-ബോഡിമേട്ട് റോഡിന് ഉപരിതലഗതാഗതവകുപ്പ് മന്ത്രിയോട് മന്ത്രി മുഹമ്മദ് റിയാസ് നന്ദി പറഞ്ഞത് ഏറെ ചർച്ചയായിരുന്നു.
Discussion about this post