ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ആര് എസ് എസ് സര്‍സംഘചാലക് ഡോക്ടര്‍ മോഹന്‍ ഭാഗവതിനെ നേരിട്ടെത്തി ക്ഷണിച്ച് ക്ഷേത്ര നിര്‍മ്മാണ സമിതി ചെയര്മാന് നൃപേന്ദ്ര മിശ്ര. വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡന്റ് അലോക് കുമാറിനൊപ്പം ഡല്‍ഹിയിലെത്തിയാണ് മിശ്ര മോഹന്‍ ഭാഗവതിനെ ചടങ്ങിലേക്ക് നേരിട്ട് ക്ഷണിച്ചത്.
ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം ഔദ്യോഗികമായി അറിയിച്ച അതേ ദിവസം തന്നെയാണ് ക്ഷേത്ര നിര്‍മ്മാണ സമിതി ആര് എസ് എസ് സര്‍സംഘചാലകിനെ നേരിട്ടെത്തി ക്ഷണിച്ചത്. അതേസമയം, ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ പങ്കെടുക്കുന്ന ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനത്തിനെതിരെ പല കോണുകളില്‍ നിന്നും രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
അയോധ്യയില്‍ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയ്ക്കുള്ള ഒരുക്കങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. ജനുവരി 16 മുതല്‍ ആരംഭിക്കുന്ന ഉത്സവമായാണ് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് പരിപാടികള്‍ തയ്യാറാക്കിയിരിക്കുന്നത്.
പ്രാണപ്രതിഷ്ഠാ കര്മ്മത്തിന് മുന്നോടിയായുള്ള വൈദിക ചടങ്ങുകള്‍ ജനുവരി 16നാണ് ആരംഭിക്കുന്നത്. വാരാണസിയില്‍ നിന്നുള്ള പുരോഹിതന് ലക്ഷ്മീകാന്ത് ദീക്ഷിത് ആണ് മുഖ്യകാര്‍മ്മികന്‍.
Discussion about this post