ന്യൂഡൽഹി: സിപിഎമ്മിനെതിരെ വിമർശനവുമായി പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ദേശീയതലത്തിൽ, തന്റെ സ്വതന്ത്ര വ്യക്തിത്വം അംഗീകരിക്കാതെ പ്രകാശ് കാരാട്ടിന്റെ ഭാര്യ മാത്രമായി പരിഗണിച്ചുവെന്ന് അവർ കുറ്റപ്പെടുത്തി.പാർട്ടിയിലെ രാഷ്ട്രീയമായ ഭിന്നതകളുടെ സന്ദർഭങ്ങളിൽ ഈ സമീപനം കൂടുതലായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.
ആൻ എജ്യുക്കേഷൻ ഫോർ റീത’ എന്ന പേരിൽ ഉടൻ പുറത്തിറങ്ങുന്ന ഓർമ്മക്കുറിപ്പുകളിലാണ് വൃന്ദയുടെ തുറന്നുപറച്ചിൽ. റീത എന്നത് അടിയന്തരാവസ്ഥക്കാലത്ത് വൃന്ദയ്ക്ക് പാർട്ടി നൽകിയ വിളിപ്പേരായിരുന്നു.ലെഫ്റ്റ്വേർഡ് ബുക്സ് പുറത്തിറക്കുന്ന പുസ്തകത്തിൽ 1975 മുതൽ 85 വരെയുള്ള ജീവിതമാണ് വൃന്ദ ഓർത്തെടുക്കുന്നത്.
സിപിഎം പോളിറ്റ്ബ്യൂറോയിലെത്തിയ ആദ്യ വനിതയാണ് ബൃന്ദ കാരാട്ട്. ബീയിങ് എ വുമൺ ഇൻ ദ പാർട്ടി എന്ന അദ്ധ്യായത്തിലാണ് തുറന്നു പറച്ചിൽ.
1982 നും 1985 നും ഇടയിൽ പ്രകാശായിരുന്നു പാർട്ടി ഡൽഹി ഘടകം സെക്രട്ടറി. അക്കാലത്തു ഞാൻ വിലയിരുത്തപ്പെടുന്നുവെന്നോ എന്റെ പ്രവർത്തനങ്ങളും അഭിപ്രായങ്ങളും പ്രകാശുമായുള്ള ബന്ധവുമായി ചേർത്തുവായിക്കപ്പെടുന്നുവെന്നോ ഒരിക്കലും തോന്നിയിരുന്നില്ല. മറ്റൊന്നും പരിഗണിക്കാതെ എന്റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു… പക്ഷേ, പിന്നീട് അതായിരുന്നില്ല അനുഭവം.ഡൽഹിക്കുപുറത്തു ദേശീയതലത്തിൽ പാർട്ടിയിലും മറ്റു സംഘടനകളിലും ഞാൻ കൂടുതൽ ചുമതലകൾ ഏറ്റെടുത്തു. എന്നാൽ, ആ കാലത്ത് മിക്കപ്പോഴും കമ്യൂണിസ്റ്റ്, സ്ത്രീ, മുഴുവൻസമയ പാർട്ടിപ്രവർത്തക എന്നിങ്ങനെയുള്ള എന്റെ സ്വത്വത്തെ അപ്പാടെ പ്രകാശിന്റെ ഭാര്യ എന്നതുമായി കൂട്ടിക്കുഴച്ചു. ഇത് രാഷട്രീയഭിന്നതകളുടെ സമയത്ത് അങ്ങനെ പലതവണ ഉണ്ടായി രൂക്ഷമായി. ദുഷ്ടലാക്കോടെ മാദ്ധ്യമങ്ങളിൽ വരുന്ന ഗോസിപ്പുകളും അതിനു കാരണമായി. സഖാക്കളുമായുള്ള എന്റെ ബന്ധത്തെക്കുറിച്ച് കൂടുതൽ ബോധവതിയാവാൻ ഞാൻ നിർബന്ധിതയായി. അധികമായ സൂക്ഷ്മപരിശോധനയുടെ ഭാരം ഞാൻ നേരിടേണ്ടിവന്നു’ ബൃന്ദ പറയുന്നുന്നതായി പ്രമുഖ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
Discussion about this post