തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവഡോക്ടറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സീനിയർ റസിഡൻ്റ് ഡോക്ടർ അഭിരാമി(26)യാണ് മെഡിക്കൽ കോളേജിന് സമീപത്തെ പിടി ചാക്കോ നഗറിലെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . തിരുവനന്തപുരം വെള്ളനാട് സ്വദേശിനിയാണ് ഡോക്ടർ അഭിരാമി. അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തി വച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനത്തിൽ വ്യക്തമാകുന്നത്.
തിങ്കളാഴ്ച വൈകുന്നേരം ആറര മണിയോടെ വീട്ടിലെത്തിയ സഹ താമസക്കാരിയാണ് വീട് പൂട്ടിയിട്ടിരിക്കുന്നത് ശ്രദ്ധിച്ചത്. തട്ടി വിളിച്ചിട്ടും മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴും പ്രതികരണം ഇല്ലാതിരുന്നതിനെ തുടർന്ന് ഇവർ വീട്ടുടമസ്ഥരെ വിളിച്ചുവരുത്തുകയും കതക് ചവിട്ടി പൊളിച്ച് അകത്ത് കയറുകയും ചെയ്തു. അപ്പോൾ അവശനിലയില്‍ കണ്ടെത്തിയ ഡോക്ടറെ തുടര്‍ന്ന് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ച് വിദഗ്ദ്ധ ചികിത്സ നല്‍കിയെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
മെഡിസിനില്‍ പി.ജി പഠനം പൂര്‍ത്തിയാക്കിയ ശേഷം സീനിയര്‍ റെസിഡന്റ് ഡോക്ടറായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സേവനമനുഷ്ഠിക്കുകയായിരിന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മോര്‍ച്ചറിയിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജ് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. അജ്ഞാത രാസപദാര്‍ത്ഥം അനസ്തേഷ്യ മരുന്ന് ആണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും പോസ്റ്റ് മോർട്ടം നടത്തിയതിനു ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ.
Discussion about this post