തൃശൂർ : തൃശൂരിനോട് വിടപറയും മുൻപ് പറഞ്ഞ വാക്ക് പാലിച്ച് കളക്ടർ വി ആർ കൃഷ്ണതേജ. മലക്കപ്പാറയിലെ ആഷ്നി, റീഗൻ എന്നീ കുട്ടികൾക്ക് കളക്ടറുടെ നേതൃത്വത്തിൽ പഠനസഹായം കൈമാറി. കൂടാതെ കേരളത്തിലെ ഔദ്യോഗികജീവിതത്തിലെ അവസാന ചടങ്ങാണിതെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ആദിവാസി വിഭാഗത്തിൽപ്പെട്ട തോട്ടംതൊഴിലാളികളായ അച്ഛൻ പാൽദുരൈയും അമ്മ ആശയും വാഹനാപകടത്തിൽ മരിച്ചതോടെ അനാഥരായവരാണ് ആഷ്നിയും റീഗനും. മാസങ്ങൾക്ക് മുൻപ് അതിരപ്പിള്ളിയിൽ കൃഷ്ണതേജ പങ്കെടുത്ത ചടങ്ങിൽ ചാലക്കുടി എംഎൽഎ സനീഷ്കുമാർ ജോസഫ് ഈ രണ്ട് കുട്ടികളെപ്പറ്റി സൂചിപ്പിച്ചിരുന്നു. അന്ന് കുട്ടികളുടെ പഠനവും ജീവിതവും ശരിയാക്കാമെന്ന് ഉറപ്പുനൽകിയാണ് കളക്ടർ മടങ്ങിയത്. തുടർന്നാണ് ജില്ലയിൽനിന്ന് പോകും മുൻപേ ഇവർക്ക് സഹായം ഉറപ്പാക്കിയത്. ഇക്കാര്യം കളക്ടർ നേരിട്ട് സനീഷ്കുമാർ ജോസഫിനെ വിളിച്ചറിയിക്കുകയായിരുന്നു.
കുട്ടികളും അവരുടെ രക്ഷിതാക്കളായ മുത്തച്ഛൻ മണിയും മുത്തശ്ശി പൂങ്കനിയും തിങ്കളാഴ്ച ജില്ലാ കളക്ടറേറ്റിലെത്തി. തുടർന്ന് സ്പോൺസർമാർ വഴി കണ്ടെത്തിയ ഒരു ലക്ഷം രൂപ കുട്ടികളുടെ രക്ഷിതാക്കൾക്ക് കൈമാറി. ജില്ലാ കളക്ടർ വഴി തൃശൂരിലെ കുട്ടികൾക്ക് ലഭിക്കുന്ന അറുന്നൂറാമത്തെ പഠനസഹായമാണ് മലക്കപ്പാറയിലെ ഈ രണ്ട് കുട്ടികൾക്ക് ലഭിച്ചത്.
Discussion about this post