കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യു (20) കൊലക്കേസിൽ വിചാരണ വൈകുന്നെന്ന അമ്മയുടെ ഹർജിയിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയോടാണ് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് റിപ്പോർട്ട് ആവശ്യപ്പെട്ടത്. മഹാരാജാസ് കോളേജിൽ നടന്ന സംഘർഷത്തിൽ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരുടെ ആക്രമണത്തെ തുടർന്നാണ് അഭിമന്യു കൊല്ലപ്പെട്ടത്. നിരോധിത സംഘടന പോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർത്ഥി പ്രസ്ഥാനമാണ് ക്യാമ്പസ് ഫ്രണ്ട്.
2018 സെപ്തംബർ 24ന് കുറ്റപത്രം നൽകിയിട്ടും വിചാരണ പ്രാഥമിക ഘട്ടത്തിലാണെന്ന് വട്ടവട സ്വദേശി ഭൂപതിയുടെ ഹർജിയിൽ പറയുന്നു. . കൊലപാതകം നടന്ന് ആറ് വർഷം കഴിഞ്ഞിട്ടും കുറ്റം ചുമത്തിയിട്ടില്ല. 2023 ജൂലൈ 11 നും 2023 നവംബർ 18 നും ഇടയിൽ പ്രതിക്ക് ഹാജരാകാൻ സൗകര്യമൊരുക്കുന്നതിനായി ഒന്നിലധികം തവണ വാദം കേൾക്കൽ മാറ്റിവച്ചു. എന്നിരുന്നാലും, മിക്ക പ്രതികളും എല്ലാ അവസരങ്ങളിലും ഹാജരായിരുന്നില്ല. പ്രതികൾ ഹാജരാകാത്തതിനാൽ കേസ് തുടർച്ചയായി മാറ്റിവയ്ക്കുകയാണ്. വിചാരണ അനിശ്ചിതമായി നീളുന്നത് ഉന്നത രാഷ്ടീയ സ്വാധീനമുള്ള പ്രതികൾ രക്ഷപ്പെടാൻ വഴിയൊരുക്കും.
വളരെയധികം രാഷ്ട്രീയ സ്വാധീനമുള്ളവരാണ് പ്രതികൾ. ഇവർ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയാതെ ജാമ്യത്തിൽ പുറത്തിറങ്ങിയിട്ട് ഏറെ നാളായി . വിചാരണ തുടങ്ങുന്നതിലെ കാലതാമസം പ്രതികൾക്ക് അനുകൂലമായെന്നും ഭൂപതി പറഞ്ഞു.
സാക്ഷികളിലേറെയും വിദ്യാർത്ഥികളായതിനാൽ ജോലിക്കും മറ്റുമായി വിദേശത്തേക്ക് പോകാൻ സാദ്ധ്യതയുണ്ടെന്നും അമ്മയുടെ ഹർജ്ജിയിൽ പറയുന്നു. 2018 ജൂലായ് രണ്ടിനാണ് അഭിമന്യു കോളേജ് കവാടത്തിൽ ക്യാമ്പസ് ഫ്രണ്ട് -പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ കുത്തേറ്റ് മരിച്ചത്. കേസിൽ മൊത്തത്തിൽ 15 പ്രതികളുണ്ട്.
Discussion about this post