എറണാകുളം : എറണാകുളത്തെ തൃക്കാക്കര കെഎംഎം കോളേജിൽ ഡിസംബർ 23ന് നടന്ന സംഭവം ഭക്ഷ്യവിഷബാധ അല്ലെന്ന് എൻസിസി-ആർമി അന്വേഷണത്തിൽ തെളിഞ്ഞു. ചില കേഡറ്റുകൾക്ക് ഉണ്ടായ നിർജലീകരണം മൂലം അവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഈ സംഭവത്തെ ചില രാഷ്ട്രീയ പാർട്ടികൾ അവരുടെ സ്ഥാപിത താല്പര്യങ്ങൾക്കായി വ്യാജ പ്രചാരണങ്ങൾക്കായി ഉപയോഗിക്കുകയും ക്യാമ്പിൽ സംഘർഷാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു എന്നും എൻസിസി റിപ്പോർട്ട് വ്യക്തമാക്കുന്നു.
തൃക്കാക്കരയിൽ എൻസിസി നടത്തിയ ക്യാമ്പിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കേഡറ്റുകളെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവർക്ക് നിർജലീകരണം ഉണ്ടെന്ന് കണ്ടെത്തി ഉചിതമായ ചികിത്സ നൽകുകയും ആവശ്യമായ വിശ്രമത്തിന് ശേഷം ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. എന്നാൽ കേഡറ്റുകൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായി എന്ന രീതിയിൽ ഈ വിഷയം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. പിന്നീട് സംസ്ഥാന മെഡിക്കൽ അതോറിറ്റികളും സൈന്യം ഉത്തരവിട്ട അന്വേഷണവും ഭക്ഷ്യവിഷബാധ എന്ന വാദം അസത്യമാണെന്ന് കണ്ടെത്തി എന്നും എൻസിസി-ആർമി റിപ്പോർട്ട് വ്യക്തമാക്കുന്നു.
“എൻസിസി കേഡറ്റുകൾക്ക് ഭക്ഷ്യവിഷബാധ എന്ന രീതിയിൽ പ്രാദേശിക മാദ്ധ്യമങ്ങളിൽ വാർത്ത പ്രചരിപ്പിച്ച് കേഡറ്റുകളുടെ രക്ഷിതാക്കളിൽ കടുത്ത ആശങ്ക സൃഷ്ടിച്ചു. മാധ്യമപ്രവർത്തകരും ചില വിദ്യാർത്ഥി രാഷ്ട്രീയ സംഘാംഗങ്ങളും ചേർന്ന് ക്യാമ്പ് പരിസരത്ത് തടിച്ചുകൂടി പരിഭ്രാന്തി സൃഷ്ടിച്ചു. ചില വിദ്യാർത്ഥി രാഷ്ട്രീയ നേതാക്കളുടെ ഭാഗത്തുനിന്നും കേഡറ്റുകൾക്ക്, പ്രത്യേകിച്ച് പെൺകുട്ടികൾക്ക് ഭീഷണിയുണ്ടായി. ഇവർ ക്യാമ്പ് കമാൻഡൻ്റിൻ്റെയും ക്യാമ്പിലെ ജീവനക്കാരുടെയും എതിർപ്പുകൾ വകവയ്ക്കാതെ, ഗേറ്റ് തകർത്ത് ക്യാമ്പ് വളപ്പിനുള്ളിൽ അനധികൃതമായി പ്രവേശിച്ച് ക്യാമ്പ് കമാൻഡൻ്റിനെയും സ്റ്റാഫിനെയും മർദിച്ചു. ഗേൾ കേഡറ്റുകളെ അവഹേളിക്കുന്ന കമൻ്റുകളും അധിക്ഷേപങ്ങളും വിദ്യാർത്ഥി രാഷ്ട്രീയ അംഗങ്ങൾ നടത്തി. ഗ്രൂപ്പ് കമാൻഡർ, എൻസിസി ഗ്രൂപ്പ് എറണാകുളം ഗ്രൂപ്പ് ഉടൻ ക്യാമ്പ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. സംഭവത്തിൻ്റെ നിജസ്ഥിതി അറിയാൻ എൻസിസി അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു. ഡ്യൂട്ടിയിലായിരുന്ന യൂണിഫോം ധരിച്ചവരെ കയ്യേറ്റം ചെയ്തതിനും ക്യാമ്പ് വളപ്പിൽ അനധികൃതമായി ആളുകൾ പ്രവേശിച്ചതിനും പ്രശ്നങ്ങൾ സൃഷ്ടിച്ചതിനും തൃക്കാക്കര പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്” എന്നും എൻസിസി റിപ്പോർട്ട് പറയുന്നു.
Offg ADG സംസ്ഥാന പോലീസ് മേധാവിയെ കണ്ട് കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് അഭ്യർത്ഥിച്ചിരുന്നു. എറണാകുളം ഗ്രൂപ്പിലെ ഗ്രൂപ്പ് കമാൻഡർ ഡിജി എൻസിസിയെ നേരിട്ട് കണ്ട് സംഭവത്തെ കുറിച്ച് മുഴുവൻ വിവരങ്ങളും അറിയിച്ചു. കേരള ഗവൺമെൻ്റ് ചീഫ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കും ഡിജി എൻസിസി ഒരു കത്ത് എഴുതുകയും ആവശ്യമായ നടപടികൾക്കായി പ്രത്യേക കൊറിയർ വഴി കൈമാറുകയും ചെയ്തു. ഭക്ഷ്യവിഷബാധ ഉണ്ടായിട്ടില്ലെന്നും നിർജ്ജലീകരണം മൂലമാണ് കേഡറ്റുകൾക്ക് അസുഖം വന്നതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. കേഡറ്റുകൾക്ക് ഭക്ഷ്യവിഷബാധയുണ്ടായിട്ടില്ലെന്ന് രോഗബാധിതരായ കേഡറ്റുകളുടെ മലംപരിശോധന റിപ്പോർട്ടിലും സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ മെഡിക്കൽ അന്വേഷണത്തിലും തെളിഞ്ഞിട്ടുണ്ട്. എന്നാൽ, റിപ്പോർട്ട് സംസ്ഥാന സർക്കാരിൻ്റെ അംഗീകാരത്തിനായി സമർപ്പിച്ച ശേഷം അത് തരംതാഴ്ത്തി. വിദ്യാർത്ഥി രാഷ്ട്രീയ പാർട്ടികൾ ആണ് മുഴുവൻ കോലാഹലങ്ങളും സൃഷ്ടിക്കുകയും നിക്ഷിപ്ത താൽപ്പര്യങ്ങൾക്കായി അത് മുതലെടുക്കുകയും ചെയ്തത്. ക്യാമ്പ് കമാൻഡൻ്റിനെ ആക്രമിച്ച സംഭവത്തിൽ ഉൾപ്പെട്ട രണ്ട് വ്യക്തികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തിരുന്നു . എന്നാൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി സോപാധിക ജാമ്യം അനുവദിച്ചു. കുറ്റക്കാർക്കെതിരെ കർശനമായ ജുഡീഷ്യൽ നടപടിയെടുക്കാൻ എൻസിസിയും ആർമി അധികൃതരും ചേർന്ന് ശക്തമായി കേസ് നടത്തുകയാണ് എന്നും എൻസിസി അറിയിച്ചു.
Discussion about this post