മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ വീട്ടിൽ വച്ച് കുത്തി പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായ മുഹമ്മദ് ഷരീഫുൾ ഇസ്ലാം ഷെഹ്സാദിനെ (30) കോടതി 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് രാവിലെയാണ് പ്രതി മുംബൈ പോലീസിന്റെ പിടിയിലായത്. ഉച്ചയ്ക്ക് ഒന്നരയോടെ, പ്രതിയെ ബാന്ദ്രയിലെ അവധിക്കാല കോടതിയിൽ ഹാജരാക്കി.
ബംഗ്ലാദേശ സ്വദേശിയാണ് അറസ്റ്റിലായ മുഹമ്മദ് ഷരീഫുൾ ഇസ്ലാം ഷെഹ്സാദ് എന്ന് പോലീസ് പറയുന്നു. അനധികൃതമായി ഇന്ത്യയിൽ കടന്നുകയറിയ ഇയാൾ ബിജോയ് ദാസ് എന്ന പേരിലാണ് ഇവിടെ താമസിച്ചിരുന്നത്. അഞ്ച് മാസത്തിലേറെയായി പ്രതി വ്യാജ പേരിൽ മുംബൈയിൽ ചെറിയ ജോലികൾ ചെയ്ത് കഴിയുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
വ്യാഴാഴ്ച്ച രണ്ട് മണിയോടെയാണ് സെയ് അലി ഖാന്റെ ബാന്ദ്രയിലെ വസതിയിലേക്ക് നുഴഞ്ഞ് കയറിയ പ്രതി നടനെ ആക്രമിക്കുകയും കുത്തി പരിക്കേൽപ്പിച്ചതും. ആറ് തവണയാണ് നടന് കുത്തേറ്റത്. പരിക്കേറ്റ നടനെ പുലർച്ചെയോടെ തന്നെ ഓട്ടോറിഷയിൽ ലീലാവതി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഉടൻ തന്നെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും നടന്റെ ശരീരത്തിൽ തറച്ചു നിന്നിരുന്ന കത്തിയുടെ കഷ്ണം നീക്കം ചെയ്യുകയും ചെയ്തിരുന്നു.
മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിലാണ് പ്രതി അറസ്റ്റിലായത്. നേരത്തെ പ്രതിയുമായി സാദൃശ്യമുള്ളയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, ചോദ്യം ചെയ്യലിൽ ഇയാൾക്ക് കേസുമായി ബന്ധമില്ലെന്ന് മനസിലാക്കിയതോടെ വിട്ടയക്കുകയായിരുന്നു.
അതേസമയം, ആശുപത്രിയിൽ ചികിത്സയിലുള്ള സെയ്ഫ് അലി ഖാന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. നടൻ ഇന്ന് തന്നെ ആശുപത്രി വിട്ടേക്കുമെന്നാണ് വിവരം.
Discussion about this post