മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലിഖാന്റെ വീട്ടിൽ അതിക്രമിച്ചു കയറി നടനെ കുത്തിയ േകസിൽ കുറ്റം സമ്മതിച്ച് പ്രതി ഷെഫീറുൾ ഇസ്ലാം. സെയ്ഫ് അലി ഖാന്റെ വീടാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് മോഷണത്തിന് കയറിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഭയന്ന് പോയതുകൊണ്ടാണ് നടനെ കുത്തിയതെന്നും പ്രതി വ്യക്തമാക്കി.
നടന്റെ വീട്ടിൽ പ്രതി പലതവണ എത്തുകയും കവർച്ചക്കുള്ള സാധ്യത തേടുകയും ചെയ്തിരുന്നു. മറ്റ് ബോളിവുഡ് താരങ്ങളുടെ വീട്ടിലും മോഷണം നടത്താൻ പദ്ധതിയിട്ടിരുന്നു. പല സെലിബ്രിറ്റികളുടെയും വീടുകളെ കുറിച്ച് അന്വേഷിച്ച് മനസിലാക്കിയിരുന്നു. സെയ്ഫ് അലി ഖാന്റെ വീട്ടിൽ എളുപ്പത്തിൽ കയറി മോഷണം നടത്താൻ കഴിയുമെന്ന് മനസിലായതോടെയാണ് അവിടെ കയറിയതെന്നും പോലീസ് വ്യക്തമാക്കി.
നടന്മാരായ ഷാരൂഖാന്റെയും സൽമാൻഖാന്റെയും വീടുകളിലും പ്രതി കവർച്ചാ സാധ്യത പരിശോധിച്ചിരുന്നു. സെയ്ഫ് അലിഖാന്റെ ഇളയ മകൻ ജഹാംഗീറിനെ ബന്ദിയാക്കി പണം ആവശ്യപ്പെടാനും പ്രതി പദ്ധതിയിട്ടിരുന്നു. വീട്ടിൽ കയറി ഉടനെ കുട്ടിയെ നോക്കുന്ന ഹോം നേഴ്സിനോട് ഒരു കോടി രൂപ ആവശ്യപ്പെട്ടു. വീട്ടിലെ അംഗമാണെന്ന് വിചാരിച്ചാണ് അത്തരത്തിൽ തുക ചോദിച്ചതന്നും പ്രതിയുടെ മൊഴിയിൽ പറയുന്നു.
സെയ്ഫ് അലി ഖാനെ കുത്താൻ കരുതിയിരുന്നില്ല. എന്നാൽ, നടൻ എത്തിയപ്പോൾ ഭയന്ന് പോയി. അതുകൊണ്ടാണ് ആക്രമിച്ചത്. അതുകൊണ്ടാണ് ഒന്നും എടുക്കാതെ രക്ഷപ്പെട്ടത്. ബംഗ്ലാദേശിലേക്ക് കടക്കാനായിരുന്നു ലക്ഷ്യമെന്നും പ്രതി പോലീസിനോട് പറഞ്ഞു.
Discussion about this post