ആലപ്പുഴ : രാജ്യത്ത് പുതിയ 100 സൈനിക് സ്കൂളുകൾ കൂടി സ്ഥാപിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ആലപ്പുഴയിൽ വ്യക്തമാക്കി. വിദ്യാധിരാജ വിദ്യാപീഠം സൈനിക് സ്കൂളിൻ്റെ വാർഷിക ദിനാചരണത്തിൽ വിശിഷ്ടാതിഥിയായി ആണ് അദ്ദേഹം ആലപ്പുഴയിൽ എത്തിയത്. ഇന്ത്യയിലെ വിദ്യാഭ്യാസത്തിൻ്റെ അടിസ്ഥാന നിലവാരം മെച്ചപ്പെടുത്തുന്നതിനായി രാജ്യത്തുടനീളം 100 സൈനിക് സ്കൂളുകൾ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുള്ളതായാണ് രാജ്നാഥ് സിംഗ് വ്യക്തമാക്കിയത്.
ആലപ്പുഴയിലെ വിദ്യാധിരാജ സൈനിക് സ്കൂളിൻ്റെ 47-ാം വാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് കേന്ദ്ര പ്രതിരോധമന്ത്രി ഈ പുതിയ തീരുമാനം അറിയിച്ചത്. വിവിധ സാംസ്കാരിക പശ്ചാത്തലങ്ങളിൽ നിന്നും രാജ്യത്തിൻ്റെ വിദൂര പ്രദേശങ്ങളിൽ നിന്നുമുള്ള ആളുകളെ ഉൾപ്പെടുത്തുന്നതിനായി ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലേക്കും സൈനിക് സ്കൂളുകൾ വ്യാപിപ്പിക്കാൻ ആണ് കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുള്ളത് എന്നും അദ്ദേഹം അറിയിച്ചു.
“ഒരു സൈനികനെ യുദ്ധത്തിൻ്റെ വീക്ഷണകോണിൽ നിന്ന് മാത്രം കാണരുത്. നിരവധി ഗുണങ്ങൾ ഒത്തുചേർന്നിട്ടാണ് ഒരു സൈനികൻ ഉണ്ടാകുന്നത്. ഒരു സൈനികൻ അച്ചടക്കമുള്ളവനാണ്, അവർ തൻ്റെ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നിസ്വാർത്ഥമായ സേവനം ചെയ്യുന്നു. ആത്മനിയന്ത്രണമുള്ളവനും അർപ്പണബോധമുള്ളവനുമായിരിക്കും. സ്വാമി വിവേകാനന്ദൻ, ആദിശങ്കരാചാര്യ, രാജാ രവിവർമ്മ തുടങ്ങിയ മഹദ് നേതാക്കളിലും ഈ ഗുണങ്ങൾ കാണാൻ കഴിയും. അവരുടെ യുദ്ധക്കളങ്ങൾ സാമൂഹികമോ സാംസ്കാരികമോ രാഷ്ട്രീയമോ മതപരമോ ആയ പരിഷ്കാരങ്ങളായിരുന്നു. അതുപോലെ വിദ്യാഭ്യാസത്തിലും കുട്ടികളുടെ സമഗ്രമായ വികസനത്തിലും ഒരു വിപ്ലവം സൃഷ്ടിക്കുന്നതിന് സൈനിക് സ്കൂളുകൾക്ക് കഴിയും” എന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.
Discussion about this post