തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവും മുൻ കേരള മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. തിരുവനന്തപുരത്തെ വസതിയിൽ എത്തിയായിരുന്നു അദ്ദേഹം വിഎസിനെ കണ്ടത്. അദ്ദേഹത്തെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ടെന്നും, ആദ്യമായിട്ടാണ് നേരിൽ കാണാൻ കഴിഞ്ഞത് എന്നും ആർലേക്കർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
രാവിലെയോടെയായിരുന്നു കൂടിക്കാഴ്ച. കഴിഞ്ഞ ദിവസം രാജ്ഭവനിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ ആർലേക്കറെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് വി എസുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്.
കോളേജ് പഠനകാലം മുതൽ കേട്ട പേര് ആയിരുന്നു വിഎസ് അച്യുതാനന്ദന്റേത്. അന്ന് തൊട്ടേ അദ്ദേഹം കാണണം എന്ന ആഗ്രഹം മനസിൽ ഉണ്ടായിരുന്നു. മാതൃകാപരമായ പൊതുജീവിതം നയിച്ച വ്യക്തിയാണ് അദ്ദേഹം. ഗവർണറായി എത്തിയപ്പോൾ തന്നെ അദ്ദേഹത്തെക്കുറിച്ച് ഓർത്തിരുന്നു. കേരളത്തിൽ എത്തിയാൽ അദ്ദേഹത്തെ നിർബന്ധമായും കാണണം എന്ന് ആഗ്രഹിച്ചിരുന്നു.
ദൈവാനുഗ്രഹം കൊണ്ട് അദ്ദേഹത്തെ കാണാൻ സാധിച്ചു. കുടുംബവുമൊത്ത് സംസാരിക്കാനും കഴിഞ്ഞു. അനാരോഗ്യത്തെ തുടർന്ന് അച്യുതാനന്ദന് സംസാരിക്കാൻ കഴിഞ്ഞില്ല. എങ്കിലും ആശയവിനിമയം നടത്താനായി. അദ്ദേഹം പൂർണ ആരോഗ്യവാനാകാൻ പ്രാർത്ഥിക്കുന്നുവെന്നും ആർലേക്കർ പറഞ്ഞു.
യുജിസി ബില്ലിനെക്കുറിച്ചും അദ്ദേഹം ഇതോടൊപ്പം പ്രതികരിച്ചു. കരട് നയം ആണ് ഇപ്പോൾ പുറത്തുവന്നത്. ജനാധിപത്യ സംവിധാനത്തിൽ അഭിപ്രായം പറയുന്നതിനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഒരുപോലെ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post