കുംഭമേള ആരംഭിച്ചതോടെ സോഷ്യൽ മീഡിയയിൽ നഗ്നത വീണ്ടും സജീവ ചർച്ചാ വിഷയം ആയിരിക്കുകയാണ്. മഹാസംഘമത്തിനായി എത്തുന്ന നാഗസന്യാസിമാരുടെ വേഷവിധാനങ്ങളാണ് വിമർശനത്തിന് ആധാരം.. ഇവരുടെ അർദ്ധനഗ്നത ഭാരതത്തെ ലോകത്തിന് മുൻപിൽ നാണം കെടുത്തുന്നു എന്നാണ് ഉയരുന്ന പ്രധാന വിമർശനം. നഗ്നത എന്ന് മുതലാണ് നമുക്ക് നാണക്കേട് ആയത് എന്ന് ഇവരോട് ചോദിക്കുകയാണ് എഴുത്തുകാരനായ ആര്യലാൽ.
ഒരിക്കലൊരു വട്ടമേശയ്ക്കു ചുറ്റുമിരുന്ന ത്രീ പീസ് സ്യൂട്ടുകൾക്കിടയിൽ കാണപ്പെട്ട ‘അർദ്ധനഗ്നനായ സന്യാസി’യായിരുന്നു നമ്മുടെ രാഷ്ട്രീയ അടയാളം എന്ന് ഓർമ്മിച്ചുകൊണ്ടാണ് ആര്യലാൽ തന്റെ സോഷ്യൽ മീഡിയ കുറിപ്പ് ആരംഭിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ പരമ വൈഭവമാണ് നഗ്നത. ഭൗതികമായായും ആത്മീയമായുമതങ്ങനെ തന്നെ. ബ്രാ ഊരി കത്തിച്ച് ‘ബെയർ ബൂബ്സ്’ ആഘോഷിക്കുന്ന സ്ത്രീ സ്വാതന്ത്ര്യവാദികളും ന്യൂഡ്ബീച്ചുകളിൽ പുളയ്ക്കുന്ന വിനോദിനികളും ആ ഭൗതിക സ്വാതന്ത്ര്യത്തിന്റെ പരമരസം നുണയുന്നവരാണ്. ആത്മീയക്കാരന്റെ നഗ്നതയാവട്ടെ അവന്റെ ദാരിദ്ര്യത്തിന്റെ അടയാളമല്ല,പ്രപഞ്ചബോധത്തിന്റെ വിളംബരമാണ്. ഞാൻ ബോധത്തിന്റെയും ആനന്ദത്തിന്റെയും രൂപമാണ് എന്നയാൾ തിരിച്ചറിഞ്ഞിരിക്കുന്നു. ചിദാനന്ദരൂപം ശിവോഹം ശിവോഹം എന്നു ജപിച്ചു കൊണ്ടേയിരിക്കുന്നു. മറയ്ക്കാൻ ഒന്നുമില്ലാത്തിടത്ത് ‘അഹമേവ വിശ്വതനു’ എന്ന ആത്മബോധത്തോടെ നഗ്നനായി സഞ്ചരിക്കുന്നു.
ഇന്ത്യ അറിവും ഐശ്വര്യവും കൊണ്ട് ലോകത്തെ ഭ്രമിപ്പിക്കുകയും ആകർഷിക്കുകയും ചെയ്തിട്ടുണ്ട്. യൂറോപ്പിന്റെയും മധ്യേഷ്യയുടെയും അത്യാർത്തികളെയത് സമ്പത്തു കൊണ്ടാകർഷിച്ച കാലങ്ങളുണ്ട്.
അമൃതകലശങ്ങളുടെ ‘സ്മരണകൾ തൻ ദൂര സാഗരം തേടുന്ന ഹൃദയ രേഖകളുടെ സഞ്ചാരമാണ് കുംഭമേള’ ; തികച്ചും സനാതനമായ ഒന്ന്! ആദിഗുരുവിന്റെ ജടാകടാഹ സംഭ്രമങ്ങളിൽ നിന്നുഴറിയൊഴുകിയ ജ്ഞാനഗംഗ ദ്വാപര സ്മരണകളുടെ കേശവാംശ പ്രവാഹിനിയായ യമുനയെ അദൃശ്യ ബോധധാരയായി ഒഴുകിപ്പടരുന്ന സരസ്വതിയുമായി കണ്ടുമുട്ടുന്ന വിശുദ്ധ ഘട്ടമാണ് പ്രയാഗ്. ജ്ഞാനവും ഭക്തിയും വിശുദ്ധിയും ഒന്നിച്ചൊന്നായ് ചേരുന്നിടം.
കേവലം കുളിക്കടവല്ല അത്. തന്ത്ര സാധനകളുടെ സംഗമ ഭൂമി കൂടിയാണ്. ലോകത്തെ ആകർഷിച്ച എല്ലാ രത്നങ്ങൾക്കുമപ്പുറത്ത് അത് ‘ചാരം’ കൊണ്ട് മൂല്യവത്താകുന്നതങ്ങനെയാണ്. പട്ടുകുപ്പായങ്ങളെ നഗ്നതയുടെ താണ്ഡവം ജയിക്കുന്നതങ്ങനെയാണെന്നും അദ്ദേഹം ചോദിക്കുന്നു.
നാളെ നമ്മെ അടിക്കാനുള്ള വടി ഇന്നേ നമ്മെക്കൊണ്ട് വെട്ടിക്കുകയാണ് വിമർശകരെന്ന് പറഞ്ഞുവയ്ക്കുന്നുണ്ട് ആര്യലാൽ. കുംഭമേളയിലെ നഗ്നതയെ കുളിമുറിയിലെ നഗ്നത പോലെ കാണുന്നതാണ് അശ്ലീലം. ശീതോഷ്ണ സുഖദുഃഖങ്ങളെ സർവ്വത്ര സമദർശനം ചെയ്യുന്ന,മിഴികളുയർത്തി ആകാശത്തിലേക്ക് നോക്കുന്നവന്റെ നഗ്നതയാണവിടെ ഗംഗയിലേക്ക് നടക്കുന്നത്. അത് നിശ്ചലമായി ഭൂമിയെ നോക്കിയിരിക്കുന്നു. ഭൂമിയിലേക്ക് മാത്രം നോക്കി ഇതിനൊയൊക്കെ വിമർശിക്കുന്നവന്റെ നഗ്നതയാവട്ടെ ഇതൊക്കെ കണ്ട് ആകാശത്തെയും നോക്കി അടങ്ങാതെയിരിക്കുന്നു. സെമിറ്റിക് തീർത്ഥാടനങ്ങളെ മൗനം കൊണ്ട് വിശുദ്ധരാക്കുന്നവർ കുംഭമേളയെ വിമർശനം കൊണ്ട് മലിനമാക്കി മതേതരത്വം രക്ഷിക്കുന്നു.ഇന്ത്യൻ ആത്മീയതയെ മനസ്സിലാക്കാൻ നല്ല വെളിച്ചം ആവശ്യം ഉണ്ട്. പക്ഷെ അതിനുള്ള സൂര്യൻ ഉള്ളിലാണ് ഉദിക്കേണ്ടത്. അതില്ലാത്തവർ നിത്യാന്ധകാരത്തിലിരുന്ന് കറുത്ത പൂച്ചയെ തപ്പിക്കൊണ്ടേയിരിക്കുമെന്നും ആര്യലാൽ വ്യക്തമാക്കുന്നു.
മകര സംക്രാന്ത്രി മുതൽ മഹാശിവരാത്രി വരെ മോക്ഷം തേടുന്നവർ അമ്മയിൽ മുങ്ങി നിവരുകയാണ്. ജനിക്കാനും ജനിമൃതികളുടെ വേരറുക്കാനും അമ്മയിൽ മുങ്ങേണ്ട വിശുദ്ധനാടിതല്ലാതെ വേറെ ഏതാണെന്നും അദ്ദേഹം ചോദിക്കുന്നു. ഗംഗാ മാതാവ് പാപനാശിനിയായി മോക്ഷദായിനിയായി യുഗങ്ങളിലൂടെ ഒഴുകിക്കൊണ്ടേയിരിക്കുന്നു. അനേകം ഗിരിതടങ്ങളിൽ നിന്നും പുറപ്പെട്ടു വന്ന മനുഷ്യർ ഒരേ കടലിലേക്കെന്നപോലെ അവളിലൂടെ ശിവനിലേക്കും- ഇത്രയും പറഞ്ഞുകൊണ്ടാണ് ആര്യലാൽ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Discussion about this post