വാഷിംഗ്ടൺ : അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ നേരിടേണ്ടി വന്ന രാജ്യം കാനഡയാണ്. കാനഡയ്ക്കെതിരായ ട്രംപ് സർക്കാരിന്റെ നടപടികളിൽ ഇപ്പോൾ ഒടുവിലായി പുറത്തുവരുന്നത് ഫൈവ് ഐസ് അലയൻസിൽ നിന്നും കാനഡയെ പുറത്താക്കിയേക്കും എന്നുള്ള സൂചനയാണ്. അതിർത്തിയിൽ കർശന നടപടികൾ സ്വീകരിക്കാനും ഇറക്കുമതി തിരുവ ചുമത്താനും ഉള്ള തീരുമാനങ്ങൾക്കു ശേഷമാണ് ഇപ്പോൾ ഫൈവ് ഐസ് അലയൻസിൽ നിന്ന് കാനഡയെ നീക്കം ചെയ്യുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ട്രംപ് സർക്കാർ തുടങ്ങിയിരിക്കുന്നത്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഏറ്റവും അടുത്ത ഉപദേഷ്ടാക്കളിൽ ഒരാളായ പീറ്റർ നവാരോ ആണ് ഫൈവ് ഐസ് അലയൻസിൽ നിന്ന് കാനഡയെ നീക്കം ചെയ്യുമെന്ന് സൂചന നൽകിയിരിക്കുന്നത്. കാനഡയുടെ രഹസ്യാന്വേഷണ, നിരീക്ഷണ ശേഷികളെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ള ഒരു തീരുമാനമാണ് ഇതെന്നാണ് ആഗോളതലത്തിൽ വിലയിരുത്തപ്പെടുന്നത്. 1941-ൽ ആണ് യുഎസ്, കാനഡ, യുകെ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവ ഉൾപ്പെടുന്ന ഫൈവ് ഐസ് സഖ്യം സ്ഥാപിതമായത്.
രണ്ടാം ലോകമഹായുദ്ധസമയത്ത്, ജർമ്മനിയെയും സഖ്യകക്ഷികളെയും നേരിടാൻ അമേരിക്കയും ബ്രിട്ടനും ചേർന്നാണ് ആദ്യമായി ഫൈവ് ഐസ് അലയൻസ് എന്ന രഹസ്യാന്വേഷണ സഖ്യം സ്ഥാപിച്ചത്. അറ്റ്ലാന്റിക് സമുദ്രത്താൽ വേർതിരിക്കപ്പെട്ട ഈ രണ്ട് രാജ്യങ്ങളും വ്യത്യസ്ത സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള രഹസ്യാന്വേഷണ വിവരങ്ങൾ പങ്കിടാൻ തുടങ്ങി. വ്യത്യസ്ത സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള രഹസ്യാന്വേഷണ വിവരങ്ങൾ പങ്കിടുക എന്നതായിരുന്നു ഈ സഖ്യത്തിന്റെ ലക്ഷ്യം.
രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിനുശേഷവും സോവിയറ്റ് യൂണിയൻ ശക്തമായ വെല്ലുവിളി സൃഷ്ടിച്ച സാഹചര്യത്തിൽ യുഎസും ബ്രിട്ടനും തമ്മിലുള്ള ഈ സഖ്യം രഹസ്യാന്വേഷണ വിവരങ്ങൾ പങ്കിടുന്നത് തുടർന്നു. 1946-ൽ ഇരു രാജ്യങ്ങളും അവരുടെ കരാർ ഔദ്യോഗികമായി അംഗീകരിച്ചു. പിന്നീട് അത് ബ്രിട്ടീഷ്-യുഎസ് കമ്മ്യൂണിക്കേഷൻസ് ഇന്റലിജൻസ് എഗ്രിമെന്റ് (BRUSA) എന്ന് നാമകരണം ചെയ്യപ്പെട്ടു. ഇരു രാജ്യങ്ങളിലെയും സർക്കാരുകളുടെ രഹസ്യാന്വേഷണ ആശയവിനിമയ വകുപ്പുകളും സൈന്യങ്ങളും നാവികസേനകളും ഈ കരാറിൽ ഒപ്പുവച്ചു. 1948-ൽ ആണ് കാനഡ ഈ സഖ്യത്തിൽ ചേരുന്നത്. 1956-ൽ ഓസ്ട്രേലിയയും ന്യൂസിലൻഡും ഈ സഖ്യത്തിന്റെ ഭാഗമായി. ഇതിനുശേഷമാണ് ഈ സഖ്യത്തിന് ഫൈവ് ഐസ് അലയൻസ് എന്ന പേര് നൽകിയത്.
ഫൈവ് ഐസ് അലയൻസിലെ അഞ്ച് അംഗ രാജ്യങ്ങൾ അവരുടെ ആഭ്യന്തര, വിദേശ രഹസ്യാന്വേഷണ ഏജൻസികൾ വഴി വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടുന്നു. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം, ഈ സഖ്യം തീവ്രവാദ പ്രവർത്തനങ്ങളെയും ചൈനയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെയും നിരീക്ഷിക്കാൻ തുടങ്ങി. ഈ സഖ്യത്തിൽ ഉൾപ്പെട്ടിരിക്കുന്ന രാജ്യങ്ങൾ യുദ്ധത്തിലോ നയതന്ത്രത്തിലോ പരസ്പരം സഹായിച്ചേക്കില്ലെങ്കിലും രഹസ്യന്വേഷണ വിവരങ്ങൾ പരസ്പരം കൈമാറി വന്നിരുന്നു. കാനഡ തങ്ങളുടെ രാജ്യത്തിന്റെ സുരക്ഷയ്ക്ക് പ്രധാനമായും ആശ്രയിച്ചിരുന്നത് ഫൈവ് ഐസ് സഖ്യത്തിന്റെ ഇന്റലിജൻസ് വിവരങ്ങൾ ആയിരുന്നു. അതിനാൽ തന്നെ സഖ്യത്തിൽ നിന്നും പുറത്താക്കപ്പെട്ടാൽ വലിയ വെല്ലുവിളി ആയിരിക്കും കാനഡ നേരിടാൻ പോകുന്നത്.
Discussion about this post