ഡല്‍ഹി; കെ.ആര്.ഗൗരിയമ്മയുടെ ജെഎസ്എസ്, എന്‍ഡിഎയില്‍ ചേര്‍ന്നാല്‍ ബിഡിജെഎസിന് ലഭിച്ചിട്ടുള്ള അരൂര്‍ ഉള്‍പ്പെടെയുള്ള ചില മണ്ഡലങ്ങള്‍ വിട്ടുകൊടുക്കാന്‍ തയാറാണെന്നു വെള്ളാപ്പള്ളി നടേശന് അറിയിച്ചു. ബിഡിജെഎസ് ഇതിനകം പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളെ പിന്‍വലിച്ചും ഗൗരിയമ്മയുടെ പാര്‍ട്ടിക്കു സീറ്റു നല്കാന് മടിയില്ലെന്നു വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
സിപിഎമ്മുമായി ഇടഞ്ഞു നില്ക്കുന്ന ഗൗരിയമ്മയെ എന്‍ഡിഎയുമായി സഹകരിപ്പിക്കുന്നതിനു ബിഡിജെഎസും ജെഎസ്എസ് രാജന് ബാബു വിഭാഗവുമാണ് മുന്‍കയ്യെടുക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ നിലപാടു തീരുമാനിക്കാന്‍ ഏപ്രില്‍ ഒന്പതിനു ജെഎസ്എസ് സംസ്ഥാന സമിതി ചേരുന്നതിനു മുന്‍പു തന്നെ ഗൗരിയമ്മയുമായി ധാരണയിലെത്താനുള്ള അണിയറ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
എല്‍ഡിഎഫ് സീറ്റു നിഷേധിച്ച സാഹചര്യത്തില്‍ ഗൗരിയമ്മയും സിപിഎമ്മുമായി അനുരഞ്ജനത്തിനു സാധ്യത തീരെയില്ലെന്നു ബിഡിജെഎസ് നേതൃത്വം വിലയിരുത്തുന്നു. സിപിഎം ഇതിനകം അവരുടെ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.
ഭരണത്തിലെത്തിയാല്‍ കോര്പറേഷന്, ബോര്‍ഡ് ചെയര്മാന് സ്ഥാനങ്ങളെന്ന വാഗ്ദാനത്തിലൂടെ ഗൗരിയമ്മയെ അനുനയിപ്പിക്കാന്‍ സിപിഎമ്മിനു കഴിയില്ലെന്നും കരുതുന്നു. സിപിഎം വഞ്ചിച്ചുവെന്നു തുറന്നടിച്ച ഗൗരിയമ്മ ബിജെപി നേതൃത്വത്തിന്റെ ക്ഷണം സ്വാഗതം ചെയ്തിരുന്നു.
ഗൗരിയമ്മയുമായും ജെഎസ്എസിലെ മറ്റു നേതാക്കളുമായും രാജന് ബാബുവിനുള്ള ബന്ധം ഉപയോഗിച്ചു സഖ്യമോ ധാരണയോ ഉണ്ടാക്കാനാണു ബിഡിജെഎസ് ശ്രമിക്കുന്നത്. രാജന് ബാബു മുഖേനയുള്ള നീക്കങ്ങളില്‍ അനുകൂല സൂചനകള്‍ ലഭിച്ചാല്‍ വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ള ബിഡിജെഎസ് നേതാക്കള്‍ ഗൗരിയമ്മയെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തും.
Discussion about this post