ജയ്പൂര്‍: പ്രമുഖ ഫാസ്റ്റ് ഫുഡ് ചെയിന്‍ മക്ക്ഡൊണാള്‍ഡ്സിന്റെ ജയ്പൂരിലുള്ള മൂന്നു ശാഖകളില്‍ ഉപയോഗിക്കുന്നത് പഴകിയ എണ്ണ. ആരോഗ്യവകുപ്പിന്റെ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. പതിനാറു ദിവസം വരെ പഴകിയ എണ്ണയാണ് ഇവിടെ ഉപയോഗിക്കുന്നതെന്ന ഗുരുതരമായ കണ്ടെത്തലാണ് ആരോഗ്യവകുപ്പ് നടത്തിയത്.
ഇക്കഴിഞ്ഞ ജൂണ്‍ 17നാണ് പരിശോധനയ്ക്കിടയില്‍ പതിനാറു ദിവസം പഴക്കമുള്ള എണ്ണ മക്ക്ഡൊണാള്ഡ്സില് നിന്നും കണ്ടെത്തി. 360 ഡിഗ്രിയില്‍ നിരന്തരം ചൂടാക്കുന്നതു മൂലം എണ്ണ കറുത്ത നിറത്തിലായിരുന്നു. ഇക്കാര്യത്തില്‍ തൃപ്തികരമായ ഒരു മറുപടി നല്കാന് മക്ക്ഡൊണാള്‍ഡ്സ് അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇതിനിടെ ജയ്പൂരിലുള്ള മക്ക്ഡൊണാള്‍ഡ്സിന്റെ എല്ലാ ശാഖകളിലും പാമോയിലാണ് ഉപയോഗിക്കുന്നത് എന്നും വ്യക്തമായിട്ടുണ്ട്. മറ്റ് എണ്ണകളെ അപേക്ഷിച്ച് ആരോഗ്യകരമല്ല പാമോയിലില്‍ ഉണ്ടാക്കിയ ആഹാരസാധനങ്ങള്‍ കഴിക്കുന്നതെന്ന് ആരോഗ്യരംഗത്തുള്ളവര്‍ പറയുന്നു. ക്രമക്കേടുകള്‍ വ്യക്തമായതോടെ കമ്പനിയുടെ വിവിധ ശാഖകളില്‍ അധികൃതര്‍ പരിശോധന നടത്തുന്നുണ്ട്.
പല ശാഖകളിലും എണ്ണ ശരിയായ രീതിയില്‍ ഉപയോഗിക്കാനുള്ള സംവിധാനങ്ങള്‍ ഇല്ലെന്നും അധികൃതര്‍ അറിയിച്ചു. സ്റ്റോര്‍ റൂമുകളില്‍ നൂറു ലിറ്ററോളം എണ്ണ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. അവ നശിപ്പിക്കുകയും , സാമ്പിളുകള്‍ പരിശോധനകള്‍ക്കായി അയക്കുകയും ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനു ശേഷം തുടര്‍നടപടികള്‍ ഉണ്ടാവും.
കെ.എഫ്.സി, ഡോമിനോ, സബ്വേ, പിസ ഹട്ട് തുടങ്ങിയ റെസ്റ്റോറന്റുകലിലും ഫാസ്റ്റ് ഫുഡ് ചെയിനുകളിലും മിന്നല്‍ പരിശോധനകള്‍ നടത്തിവരികയാണ് ആരോഗ്യവകുപ്പ്. അതേസമയം ആരോഗ്യവകുപ്പിന്റെ കണ്ടെത്തലുകള്‍ മക്ക്ഡൊണാള്‍ഡ്സ് നിഷേധിച്ചിട്ടുണ്ട്
Discussion about this post