തിരുവനന്തപുരം: കേരളത്തിലെ ആദിവാസി സമൂഹത്തെ അപമാനിച്ച് സംസാരിച്ച സാംസ്കാരിക മന്ത്രി എ കെ ബാലന് മാപ്പു പറയാന്‍ തയ്യാറാകണമെന്ന് പട്ടികജാതി മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ പി സുധീര്‍. ഇല്ലെങ്കില്‍ അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും പി സുധീര്‍ തിരുവനന്തപുരത്ത് പറഞ്ഞു. എ.കെ ബാലന് കേരളത്തിന്റെ സാംസ്കാരിക മന്ത്രിയാണെന്നത് മുഴുവന്‍ മലയാളികള്‍ക്കും അപമാനമാണ്. ബാലന് നടത്തിയ അവഹേളന പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യാന്‍ സ്പീക്കര്‍ തയ്യാറാകണം. നിയമഭയ്ക്ക് തന്നെ ബാലന് അപമാനമാണ്. ആദിവാസികളോട് ഇത്തരം മനോഭാവം പുലര്‍ത്തുന്ന ബാലന് നേതൃത്വം നല്കുന്ന വകുപ്പില്‍ നിന്ന് ആദിവാസികള്‍ക്ക് ഇനി ഒന്നും പ്രതീക്ഷിക്കാനില്ല.
ബാലനേപോലെയുള്ള നേതാക്കള്‍ ഭരിച്ചതിന്റെ ഫലമാണ് ആദിവാസികള്‍ ഇന്ന് അനുഭവിക്കുന്ന ദുരിതം. അദിവാസി ക്ഷേമത്തിനായി ആവിഷ്കരിക്കപ്പെട്ട പദ്ധതികളെല്ലാം അട്ടിമറിക്കപ്പെട്ടു. ജനനീ ജന്മരക്ഷാ പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് മന്ത്രി തന്നെ നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ 10 വര്‍ഷമായി ആദിവാസി ക്ഷേമത്തിനായി ചെലവഴിച്ച ഫണ്ടിനേപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തണം. കഴിഞ്ഞ 10 വര്‍ഷമായി 2500 കോടി രൂപയാണ് ആദിവാസിക്ഷേമത്തിനെന്ന പേരില്‍ സംസ്ഥാനത്ത് ചെലവഴിച്ചിട്ടുള്ളത്. ഇത് ആര്‍ക്കു കിട്ടിയെന്ന് അന്വേഷിക്കണം. ഇതിനായി സിറ്റിംഗ് ജഡ്ജിയുടെ സേവനം ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.
മന്ത്രി ബാലനെ പുറത്താക്കുക, ആദിവാസി ഫണ്ട് വിനിയോഗം അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് തിങ്കളാഴ്ച പട്ടികജാതി മോര്‍ച്ച നിയമസഭാ മാര്‍ച്ച് നടത്തും. ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം വി മുരളീധരന് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുമെന്നും പി സുധീര്‍ അറിയിച്ചു.
Discussion about this post