കൊല്ലം: മത്സ്യത്തൊഴിലാളികള്‍ തമ്മിലുള്ള ചെറുസംഘര്‍ഷങ്ങള്‍ മുതലെടുക്കാന്‍ തീവ്രസ്വഭാവമുള്ള രാഷ്ട്രീയ സംഘടനകള്‍ രംഗത്ത്. കൊല്ലം ജോനകപ്പുറം, വാടി തീരദേശപ്രദേശത്ത് കഴിഞ്ഞ ദിവസം മത്സ്യത്തൊഴിലാളികള്‍ തമ്മിലുണ്ടായ ചെറിയ സംഘര്‍ഷം വ്യാപിച്ചതിലും സമുദായ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിച്ചതിനു പിന്നിലും ഇത്തരം ശക്തികളാണെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനമെന്നും മംഗളത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തമിഴ്നാട്ടില്‍നിന്നും സംസ്ഥാനത്തുതന്നെയുള്ളതുമായ സ്റ്റോര്‍ വള്ളങ്ങളുടെ ബാഹുല്യം ചെറുവള്ളങ്ങളില്‍ പോയി മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പട്ടിണിയിലായ ചെറുകിടക്കാരുടെ ദുരിതം മുതലെടുത്താണ് തീരങ്ങളില്‍ സാമുദായികധ്രുവീകരണമുണ്ടാക്കി തീവ്രസ്വഭാവമുള്ള സംഘടനകള്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നു പോലീസ് പറയുന്നു.
ഒരാഴ്ചയിലധികം കടലില്‍ തങ്ങിയാണ് സ്റ്റോര്‍ വള്ളക്കാരുടെ മത്സ്യബന്ധനം. കേടാകാതിരിക്കാന്‍ ആഴക്കടലില്‍ വച്ചുതന്നെ ഫോര്‍മാലിന്‍ അടക്കമുള്ളവയില്‍ മത്സ്യം മുക്കിയെടുത്താണ് ഇത്തരം ബോട്ടുകള്‍ ഹാര്‍ബറില്‍ എത്തുന്നത്. അതുകൊണ്ടുതന്നെ വിലകുറച്ചാണെങ്കിലും പെട്ടെന്ന് മത്സ്യം വിറ്റഴിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇത് ബാധിക്കുന്നത് ചെറുവള്ളത്തില്‍ ദൈനംദിനം മത്സ്യം പിടിക്കാന്‍ പോകുന്നവരെയാണ്.നീണ്ടകര, ശക്തികുളങ്ങര, വാടി, ആലപ്പുഴ, അഴീക്കല്‍, വഴിഞ്ഞം, വടകര, തലശേരി തുടങ്ങിയ മേഖലകളിലെല്ലാം സ്റ്റോര്‍ വള്ളങ്ങളുടെ ആധിപത്യമാണ്. ഇവരില്‍ നിന്നു മത്സ്യം വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയാണുള്ളത്. ഇതുമൂലം ചെറുകിടക്കാരായ മത്സ്യത്തൊഴിലാളികളില്‍ വളര്‍ന്ന അസംതൃപ്തി മുതലെടുക്കാനുള്ള തീവ്രസ്വഭാവമുള്ള രാഷ്ട്രീയ സംഘടനകളുടെ നീക്കം കടപ്പുറങ്ങളെയും തീരദേശ ഗ്രാമങ്ങളെയും സംഘര്‍ഷഭരിതമാക്കിയിരിക്കുകയാണ്.
ആരോഗ്യത്തിനു ഹാനികരമായ രാസവസ്തുക്കള്‍ അടങ്ങിയ മത്സ്യങ്ങള്‍ ഹാര്ബറില്ത്തന്നെ തടയണമെന്നാണ് ചെറുകിട മത്സ്യത്തൊഴിലാളികളുടെ ആവശ്യം. ഇക്കാര്യം വ്യക്തമാക്കി ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്ക്ക് നിവേദനം നല്‍കിയിട്ടും നടപടിയില്ലെന്ന് ഇവര്‍ പറയുന്നു. മത്സ്യം കേടാകാതിരിക്കാന്‍ ഫോര്‍മാലിന്‍ എന്ന രാസവസ്തുവില്‍ മുക്കിയാണ് വിപണിയില്‍ എത്തിക്കുന്നതെന്നതു പരസ്യമായ രഹസ്യം. ഇത്തരം മത്സ്യം മൂന്നാഴ്ചവരെ കേടാകില്ല. മൃതദേഹം അഴുകാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മാലിന്‍ ജീവനുള്ള ശരീരത്തെ പ്രതികൂലമായി ബാധിക്കുമെന്നു ഡോക്ടര്‍മാര്‍ പറയുന്നു. ഫോര്‍മാലിന്‍ സാന്നിധ്യമുള്ള മത്സ്യം സ്ഥിരമായി കഴിക്കുന്നവര്‍ക്ക് കരള്‍ രോഗങ്ങളും ക്യാന്‍സര്‍ അടക്കമുള്ളവയും പിടിപെടാനുള്ള സാധ്യതയുണ്ട്. മത്സ്യം കേടാകാതിരിക്കാന്‍ മുമ്പ് അമോണിയ ചേര്‍ത്തായിരുന്നു വില്പന. എന്നാല്‍ ഇത്തരം മത്സ്യങ്ങള്‍ അഞ്ചുദിവസത്തിലധികം കേടുകൂടാതിരിക്കില്ലെന്നു മനസിലാക്കിയതോടെയാണു മാരകരാസവസ്തുവായ ഫോര്‍മാലിന്‍ മത്സ്യങ്ങളില്‍ ചേര്‍ക്കാന്‍ തുടങ്ങിയത്.
Discussion about this post