കൊച്ചി: കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസിന്റെ വിചാരണ ഇന്ന് ആരംഭിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ. പ്രതിയായ അമീറുല്‍ ഇസ്ലാമിന് വേണ്ടി ഹാജരാകുന്നത് സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായ അഡ്വ.ബി ആളൂരാണ്. അമീറുല്‍ ഇസ്ലാമിനെതിരെ പ്രഥമ വിവര റിപ്പോര്‍ട്ട് നല്കിയവര് അടക്കം 195 പേരെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുമ്പാകെ വിസ്തരിക്കുന്നത്. ആദ്യ രണ്ട് സാക്ഷികളെയാണ് ബുധനാഴ്ച ജഡ്ജി എന്‍. അനില്‍കുമാര്‍ മുമ്പാകെ വിസ്തരിക്കുക.
അതേസമയം ആളൂരിനെ തടയുമെന്ന് ദളിത് പ്രതികരണ വേദി അറിയിച്ചിട്ടുണ്ട്. ജിഷക്ക് നീതി നിഷേധിക്കപ്പെടാനുളള സാഹചര്യം ഉണ്ടാകരുതെന്നാണ് ദളിത് പ്രതികരണ വേദിയുടെ ആവശ്യം. പെരുമ്പാവൂരില്‍ നടന്ന ജിഷ വധക്കേസ് മാസങ്ങളോളം ചര്‍ച്ച ചെയ്യപ്പെടുകയും വിവാദങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. രണ്ടു സര്‍ക്കാരുകളുടെ കീഴിലായിട്ടാണ് ഇതിന്റെ അന്വേഷണം നടന്നതും.
അഞ്ചുമാസങ്ങള്‍ നീണ്ടു നിന്ന അന്വേഷണത്തിന് ശേഷമാണ് ഇന്ന് വിചാരണ തുടങ്ങുന്നത്. അതുകൊണ്ടു തന്നെ ഏറെ കരുതലോടെയാണ് പൊലീസും. ഒന്‍പത് കുറ്റങ്ങളാണ് പ്രതിയായ അമീറുല്‍ ഇസ്ലാമിനെതിരെ ചുമത്തിയിരിക്കുന്നത്. വീട്ടില്‍ അതിക്രമിച്ചുകയറി, മാനഭംഗം, കൊലപാതകം, കുറ്റം ചെയ്ത ശേഷം തെളിവുനശിപ്പിക്കല്‍ എന്നിവ കൂടാതെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരമുളള മൂന്നു വകുപ്പുകളും ചുമത്തിയിട്ടുണ്ട്. 195 സാക്ഷികളെയാണ് പ്രോസിക്യൂഷന് വിസ്തരിക്കുന്നത്. ഇംഗ്ലീഷും മലയാളവും അറിയാത്തതിനാല്‍ പ്രതി അമീറിനായി ദ്വിഭാഷിയെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടുത്ത ജനുവരി 23 വരെ അവധി ദിവസങ്ങള്‍ ഒഴിവാക്കിയാണ് വിചാരണ.
കഴിഞ്ഞ ഏപ്രില്‍ 28നാണ് പെരുമ്പാവൂര്‍ രായമംഗലം പഞ്ചായത്തിലെ ഇരവിച്ചിറയില്‍ ജിഷ എന്ന നിയമവിദ്യാര്‍ത്ഥിനിയെ അതിക്രൂരമായി പീഡിപ്പിച്ചതിനുശേഷം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജിഷയുടെ അമ്മ രാജ്വേശരി കൂലിപ്പണി കഴിഞ്ഞ് എത്തിയപ്പോള്‍ വൈകിട്ട് എട്ടരയോടെയാണ് മൃതദേഹം കണ്ടത്. ആന്തരികാവയവങ്ങള്‍ വരെ പുറത്ത് വന്ന നിലയിലായിരുന്നു മൃതദേഹം. ജിഷയുടെ കൊലപാതകം വന്‍ വിവാദമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് അമീറുള്‍ ഇസ്ലാം എന്ന ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നതും.
Discussion about this post