ഭോപ്പാല്‍: ഭോപ്പാല്‍ സെന്‍ട്രല്‍ ജയില്‍ ചാടിയ വിചാരണത്തടവുകാരായ എട്ട് സിമി ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ച പൊലീസിനെ പിന്തുണച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന് രംഗത്ത്. വിചാരണത്തടവുകാരെ വധിച്ച പൊലീസുകാര്‍ക്ക് പാരിതോഷികമായി പണം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൊലീസുകാര്‍ ചെയ്തത് ശരിയായ കാര്യമാണ്. മനുഷ്യത്വത്തിന്റെ ശത്രുക്കളാണ് കൊല്ലപ്പെട്ട തീവ്രവാദികള്‍. വേഗത്തിലുള്ള വിചാരണയ്ക്ക് ഒരു സംവിധാനം ഉണ്ടാക്കേണ്ടതുണ്ട്. എത്രകാലം ഇവരെപോലുള്ളവരെ വിചാരണത്തടവുകാരായി പാര്‍പ്പിക്കും. ജയിലില്‍ ചിലര്‍ക്ക് ചിക്കന്‍ ബിരിയാണി പോലും ലഭിക്കുന്നുണ്ട്. അതിവേഗ കോടതികള്‍ രൂപീകരിക്കേണ്ടതിനെക്കുറിച്ച് അതീവ ഗൗരവമായി ആലോചിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിമര്‍ശനങ്ങളിലൂടെ പ്രീണനമാണ് നടക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി ഏതെങ്കിലും മതവിഭാഗത്തെ പേരെടുത്ത് പരാമര്‍ശിച്ചില്ല. ദേശീയ താല്‍പ്പര്യത്തിനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. ജയില്‍ ചാടിയവര്‍ ബാങ്ക് കൊള്ള നടത്തിയവരും കോണ്‍സ്റ്റബിള്‍മാരെ കൊന്നവരുമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അവരെ വകവരുത്തിയില്ലായിരുന്നുവെങ്കില് സംസ്ഥാനത്തിനും രാജ്യത്തിനും വലിയ ഭീഷണി ആകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അവര്‍ ജയില്‍ ചാടിയതാണോ അതോ ചാടിച്ചതാണോ എന്ന് ചോദിക്കുന്ന രാഷ്ട്രീയക്കാര്‍, തടവു ചാടിയവര്‍ കൊലപ്പെടുത്തിയ ജയില്‍ കോണ്‍സ്റ്റബിളിന്റെ രക്തസാക്ഷിത്വത്തെ അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എതിര് പാര്‍ട്ടികള്‍ വൃത്തികെട്ട രാഷ്ട്രീയാണ് കളിക്കുന്നത്. അത് ലജ്ജാകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം വിചാരണത്തടവുകാരെ വധിച്ച പൊലീസുകാര്‍ക്ക് മധ്യപ്രദേശ് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. തടവുകാര്‍ക്കായി തെരച്ചില്‍ നടത്തിയ പൊലീസുകാര്‍ക്ക് ഒരു ലക്ഷം രൂപയും പാരിതോഷികം നല്‍കും. കൊല്ലപ്പെട്ട പൊലീസുകാരന്റെ കുടുംബാംഗങ്ങള്‍ക്ക് 25 ലക്ഷം രൂപ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊലീസ് സൈനിക നടപടികള്‍ക്കെതിരെ ചോദ്യം ചെയ്യുന്ന പതിവിനെ ചോദ്യം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയ സഹമന്ത്രി കിരണ്‍ റിജ്ജു രംഗത്തെത്തി. പൊലീസിനേയും ഭരണകൂടത്തേയും ചോദ്യം ചെയ്യുന്നത പതിവ് നിര്‍ത്തണമെന്നും ഇത് നല്ല സംസ്കാരമല്ലെന്നും സഹമന്ത്രി പറഞ്ഞു.
Discussion about this post