തളിപ്പറമ്പ്: ബിജെപി പ്രവര്‍ത്തകന്റെ വീടിനു നേരേ ആക്രമണം. കണ്ണപ്പിലാവിലെ ടിപ്പര്‍ ലോറി ഡ്രൈവര്‍ തൈവളപ്പില്‍ സതീശന്റെ വീടിനു നേരേയാണ് ആക്രമണം നടന്നത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ടിപ്പര്‍ ലോറിയുടെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു.
ഇന്നു പുലര്‍ച്ചെ ഒന്നോടെയാണ് ബൈക്കിലെത്തിയ സംഘം വീടിനു നേരേ കല്ലെറിഞ്ഞത്. അഞ്ച് ജനല്‍ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ടിപ്പര്‍ ലോറിയുടെ മുന്‍ഭാഗത്തെ ചില്ല് ഓടുകൊണ്ട് എറിഞ്ഞ് തകര്‍ക്കുകയായിരുന്നു. ഉറക്കത്തിലായിരുന്ന വീട്ടുകാര്‍ പുറത്തിറങ്ങി വന്നപ്പോഴേയ്ക്കും അക്രമിസംഘം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി.
ആന്തൂര്‍ നഗരസഭയില്‍ പല സിപിഎം കേന്ദ്രങ്ങളിലും ബിജെപിയിലേക്ക് നിരവധി പ്രവര്‍ത്തകര്‍ കടന്നുവരുന്നതിലുള്ള അസഹിഷ്ണുതയാണ് അക്രമത്തിന് പിന്നിലെന്ന് ബിജെപി തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി രവീന്ദ്രന് കടമ്പേരി ആരോപിച്ചു. ആശയത്തെ ആയുധം കൊണ്ട് നേരിടാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ഇത് വിലപ്പോവില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
Discussion about this post