ഡല്‍ഹി: പാകിസ്ഥാന്റെ കൈയ്യിലിരിക്കുന്ന ബോംബാണ് റോഹിംഗ്യ മുസ്ലീമുകളെന്ന് മ്യാന്മറിന് മുന്നറിയിപ്പ് നല്കി ഇന്ത്യ. പാക് തീവ്രവാദി സംഘടനകള്‍ റോഹിംഗ്യകളെ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും മ്യാന്മാറിന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യ, മ്യാന്മാര്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയ്ക്ക് പ്രധാന സുരക്ഷാ പ്രശ്നങ്ങളിലൊന്നായി ഇത് മാറിയേക്കാമെന്നും ഇന്ത്യ മുന്നറിയിപ്പ് നല്കി. മ്യാന്മാറിന്റെ സുരക്ഷാ ഉപദേഷ്ടാവ് യു തുവാങ്ങ് തുന്നിനാണ് ഇത് സംബന്ധിച്ച വിവരം കൈമാറിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹം ഇന്ത്യന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെയും വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരേയും സന്ദര്‍ശിച്ചു.
റോഹിംഗ്യകളോടുള്ള മ്യാന്മാര് ഭരണകൂടത്തിന്റെ നിലപാടുകളില്‍ പാശ്ചാത്യ രാജ്യങ്ങളും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും മുസ്ലീം രാജ്യങ്ങളും ഉത്കണ്ഠ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സംയമനപരമായ നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. റോഹിംഗ്യ മുസ്ലീമുകള്‍ക്കിടയില്‍ ഭീകര സംഘടനയായ ലഷ്കര്‍ പ്രവര്‍ത്തനം തുടങ്ങിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുള്ളതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടക്കത്തില്‍ സഹായവുമായെത്തി പിന്നീട് രീതി മാറ്റുന്ന പതിവ് നിലപാടാണ് ലഷ്കര്‍ ഇവിടെയും പുറത്തെടുക്കുന്നതായാണ് വിവരം.
പത്ത് ലക്ഷത്തോളം വരുന്ന റോഹിംഗ്യ മുസ്ലീമുകള്‍ മ്യാന്മറില് കടുത്ത വിവേചനമാണ് അനുഭവിക്കുന്നത്. പൗരത്വം ഇല്ലാത്ത ഇവരെ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരായാണ് മ്യാന്മര് കണക്കാക്കുന്നത്.
Discussion about this post