കൊച്ചി: യുവവ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ കളമശ്ശേരി സിപിഐഎം മുന്‍ ഏരിയകമ്മിറ്റി സെക്രട്ടറിയായ സക്കീര്‍ ഹുസൈന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല(കുസാറ്റ്) കലോത്സവത്തിന്റെ സംഘാടകസമിതി ചെയര്മാന്. കേസില്‍പ്പെട്ട, റൗഡി ലിസ്റ്റിലുളള സക്കീറിനെ സംഘാടകസമിതി ചെയര്‍മാനാക്കിയതിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്.
അതേസമയം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് എന്ന നിലയിലാണ് സക്കീര്‍ ഹുസൈനെ കലോത്സവത്തിന്റെ മുഖ്യസംഘാടകനായിതെന്നാണ് എസ്എഫ്ഐ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥിയൂണിയന്റെ വിശദീകരണം. നിലവില്‍ കളമശ്ശേരി പോലീസ് സ്റ്റേഷന് പരിധിയിലെ റൗഡി ലിസ്റ്റില്‍ ഉള്‍പെട്ടയാളാണ് സിപിഐഎം എറണാകുളം ജില്ലാകമ്മിറ്റിയംഗമായ സക്കീര്‍ ഹുസൈന്. ഇയാള്‍ റൗഡിയാണെന്നും 15 ക്രിമിനല്‍ കേസില്‍ പ്രതിയാണെന്നും തട്ടിക്കൊണ്ടു പോകല്‍ കേസില്‍ സക്കീര്‍ ഹുസൈന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. വ്യക്തമായ ക്രിമിനല്‍ പശ്ചാത്തലമുണ്ടായിട്ടും ഇയാള്‍ സ്പോര്‍ട്സ് കൗണ്‍സില്‍ സ്ഥാനത്ത് തുടരുന്നതും കലോത്സവത്തിന്റെ മുഖ്യസംഘാടകനായതിനുമെതിരെയാണ് വിമര്‍ശനങ്ങളുയരുന്നത്. സ്ഥലം എംഎല്‍എ, നഗരസഭാ അധ്യക്ഷ, എംപി എന്നിവരുള്‍പ്പെടെയുള്ള ജനപ്രതിനിധികളെ സംഘാടക സമിതിയിലെ രക്ഷാധികാരികളാക്കിയ ശേഷമാണ് സക്കീര്‍ ഹുസൈനെ ചെയര്മാനാനാക്കിയിരിക്കുന്നത്. മാര്‍ച്ച് 14 മുതല്‍ 18 വരെയാണ് കലോത്സവം.
തട്ടിക്കൊണ്ടു പോകല്‍ കേസില്‍ 20 ദിവസം ഒളിവില്‍ കഴിഞ്ഞ ശേഷമാണ് സക്കീര്‍ ഹുസൈന് കീഴങ്ങിയത്. ജയില്‍ വാസം കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയതിന് ശേഷം സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് സ്ഥാനത്തും പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലും സജീവമായി. പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയിട്ടും സക്കീര്‍ ഹുസൈനെ ഔദ്യോഗിക സ്ഥാനങ്ങളില്‍ തുടരാന്‍ അനുവദിക്കുന്നതിനെതിരെ സിപിഐഎമ്മിനകത്തുനിന്നു തന്നെ എതിര്‍പ്പുണ്ട്. ചില ഉന്നത നേതാക്കളുടെ സംരക്ഷണയിലാണ് സക്കീര്‍ ഹുസൈന് എന്നും ആരോപണമുണ്ട്. കേസിനെത്തുടര്‍ന്ന് ഏരിയക്കമ്മിറ്റി സ്ഥാനത്ത് നിന്ന് നീക്കിയെങ്കിലും ഏരിയക്കമ്മിറ്റി ഭരണം ഇപ്പോഴും സക്കീര്‍ ഹുസൈന്റെ കൈയിലാണെന്നും പാര്‍ട്ടിയിലെ ഒരു വിഭാഗം വാദിക്കുന്നുണ്ട്. തട്ടിക്കൊണ്ടു പോകല്‍ കേസില്‍ പാര്‍ട്ടി തല അന്വേഷണത്തിന് ചുമതലപ്പെടുത്തിയ സംസ്ഥാനസെക്രട്ടേറിയറ്റ് അംഗം എളമരം കരീം അന്വേഷണറിപ്പോര്‍ട്ട് സംസ്ഥാനസെക്രട്ടേറിയറ്റിന് സമര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്തശേഷമാവും വിഷയത്തില്‍ തീരുമാനം. കേസില്‍ ഇതുവരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. റൗഡി ലിസ്റ്റിലുള്ളയാള്‍ സ്പോര്‍ട്സ്കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത് 2000ലെ സ്പോര്‍ട്സ് നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് നിരക്കുന്നല്ലെന്ന് ആരോപിച്ചുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കഴിഞ്ഞ 14ാം തീയതി കായികമന്ത്രി വിളിച്ചു ചേര്‍ത്ത ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റുമാരുടെ യോഗത്തില്‍ സക്കീര്‍ ഹുസൈന് പങ്കെടുത്തിരുന്നു.
Discussion about this post