ഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് മുന്‍ പ്രസിഡന്റ് കനയ്യ കുമാറിന് രാജ്യദ്രോഹക്കേസില്‍ ക്ലീന്‍ ചിറ്റ് നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് ഡല്‍ഹി പൊലീസ്. അഫ്സല് ഗുരു അനുസ്മരണ പരിപാടിക്കിടെ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന കേസില്‍ കനയ്യകുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയതായി ഇംഗ്ളീഷ് ദിനപത്രമാണ് വാര്‍ത്ത നല്‍കിയത്. എന്നാല്‍, വാര്‍ത്ത തെറ്റാണെന്നും കേസില്‍ അന്വേഷണം തുടരുകയാണെന്നും ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ പ്രമോദ് സിങ് ഖുഷ്വ പറഞ്ഞു. പരിപാടിയുടെ നാല്‍പ്പതോളം വിഡിയോ ദൃശ്യങ്ങളുടെ ഫോറന്‍സിക് പരിശോധന തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം, കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയെന്നാരോപിച്ച് എബിവിപി പ്രവര്‍ത്തകര്‍ ഡല്‍ഹി പൊലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒന്‍പതിന് ക്യാംപസില്‍ നടന്ന പരിപാടിയാണ് കേസിനാസ്പദമായ സംഭവം. കനയ്യ കുമാറിനെ കൂടാതെ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നീ വിദ്യാര്‍ഥികള്‍ക്കെതിരെയും രാജ്യദ്രോഹക്കുറ്റം തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. കോളജ് ക്യാംപസില്‍ നടന്ന പരിപാടിയില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളും അഫ്സല് ഗുരു അനുസ്മരണം സംഘടിപ്പിച്ചുവെന്നുമാണ് ആരോപണം.
Discussion about this post