ഡല്‍ഹി: നോട്ട് നിരോധനത്തെ എതിര്‍ത്ത സാമ്പത്തിക വിദഗ്ധന്‍ അമര്‍ത്യ സെന്നിനെയും മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ട് അസാധുവാക്കല്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തെ (ജിഡിപി) ബാധിക്കുമെന്ന ഇവരുടെ നിരീക്ഷത്തെയും മോദി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഒരു വശത്ത് ഹാര്‍വാര്‍ഡില്‍ നിന്നുള്ളവര്‍ വികസനത്തെ കുറിച്ചു പ്രഭാഷണങ്ങള്‍ നടത്തുമ്പോള്‍, മറുവശത്ത് ദരിദ്രരുടെ മകന് കഠിനാദ്ധ്വാനത്തിലൂടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരാന്‍ ശ്രമിക്കുകയാണെന്നും മോദി പറഞ്ഞു. ‘ഹാര്‍ഡ് വര്‍ക്ക് (കഠിനാദ്ധ്വാനം) ഹാര്‍വാര്‍ഡിനേക്കാള്‍ ശക്ത’മാണെന്ന പഴയ ‘ഡയലോഗ്’ അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ വിവിധ വേദികളില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുമ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
രാജ്യത്തെ ഏറ്റവും പുതിയ ജിഡിപി കണക്കുകള്‍ നിരത്തിയാണ് പ്രധാനമന്ത്രി നോട്ട് അസാധുവാക്കലിനെ ന്യായീകരിച്ചത്. ഹാര്‍വാര്‍ഡില്‍നിന്നുള്ള വിദഗ്ധരുടെ രീതികള്‍ രാജ്യത്തെ ജനങ്ങള്‍ക്കു മനസിലായതാണ്. എന്തെങ്കിലും സംഭവിക്കുമ്ബോള്‍ ഹാര്‍വാര്‍ഡ് ഡിഗ്രിയുടെ വമ്പും പറഞ്ഞ് അവര്‍ രംഗത്തുവരും. ഹാര്വാര്ഡുകാരുടെ സാമ്പത്തികശാസ്ത്രം ടെക്സ്റ്റ്പുസ്തകങ്ങളില് മാത്രമേ ഫലപ്രദമാകൂ എന്ന് ഈ രാജ്യം തിരിച്ചറിഞ്ഞിട്ടുള്ളതാണ്. പാടത്തും പറമ്പിലും പണിയെടുക്കുന്ന സാധാരണക്കാരുടെ കഠിനാധ്വാനമാണ് രാജ്യത്തിന്റെ സാമ്പത്തിക കെട്ടുറപ്പിന് ആധാരമെന്നും മോദി പറഞ്ഞു. സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം നേടിയ അമര്‍ത്യ സെന്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രഫസറാണ്. മാത്രമല്ല, കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയെ അദ്ദേഹം കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. വിദേശ സര്‍വകലാശാലകളില്‍ പഠിച്ച മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങും നോട്ട് അസാധുവാക്കല്‍ നിമിത്തം രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചാ നിരക്കില്‍ രണ്ടു ശതമാനം കുറവുണ്ടാകുമെന്ന് മുന്നറിയിപ്പു നല്‍കിയിരുന്നു.
”എന്തെല്ലാമാണ് ഇവരെല്ലാം പറഞ്ഞുണ്ടാക്കിയത്. പാര്‍ലമെന്റിലും രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള ഗ്രാമങ്ങളില്‍പോലും പോയി അവര്‍ പറഞ്ഞത് നോട്ട് അസാധുവാക്കല്‍ നടപടിയുടെ പേരില്‍ രാജ്യം തന്നെ തകരുമെന്നാണ്. ജിഡിപി നിരക്ക് രണ്ടു ശതമാനം വരെ കുറമെന്നും അവര്‍ പറഞ്ഞു പരത്തി. കര്‍ഷകരും അവരുടെ കാര്‍ഷികവിളകളും നശിക്കുമെന്നും രാജ്യത്ത് തൊഴിലില്ലായ്മ വളരുമെന്നും അവര്‍ പ്രചരിപ്പിച്ചു. ഓരോ ദിവസവും ഓരോ നുണയാണ് ഇതുമായി ബന്ധപ്പെട്ട് അവര്‍ പടച്ചുവിട്ടത്” മോദി പറഞ്ഞു.
”ഈ വര്‍ഷത്തെ ജിഡിപി വളര്‍ച്ചാ നിരക്ക് ഇന്നലെ പുറത്തുവന്നിട്ടുണ്ട്. അതുപ്രകാരം ഇന്ത്യ ഇപ്പോഴും ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയാണ്. അവര്‍ പ്രചരിപ്പിച്ചതെല്ലാം പച്ചക്കള്ളമാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്” മോദി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ രാജ്യത്തിന്റെ ജിഡിപി നിരക്കിലുണ്ടായ വര്‍ധന ഏഴു ശതമാനമാണെന്ന് ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചിരുന്നു. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 7.1 ശതമാനമായി ഉയരുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. നോട്ട് അസാധുവാക്കല്‍ നടപടി രാജ്യത്തിന്റെ സാമ്ബത്തിക വളര്‍ച്ചയെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന് ഉത്തര്‍പ്രദേശിലെ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് കണക്കുകള്‍ ഉദ്ധരിച്ച് മോദി നടത്തിയ പ്രസംഗമെന്നു കരുതുന്നു.
Discussion about this post