കൊച്ചി: സംസ്ഥാനത്ത് കൊക്കകോള, പെപ്‌സി മുതലായവ വില്‍ക്കില്ലെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി. കോള കമ്പനികളുടെ വര്‍ധിച്ച ജല ചൂഷണത്തില്‍ പ്രതിഷേധിച്ചാണ് ബഹുരാഷ്ട്ര കമ്പനികളുടെ ഉല്‍പന്നങ്ങളായ പെപ്‌സി, കൊക്കോകോള എന്നിവയുടെ വില്‍പന നിര്‍ത്താന്‍ വ്യാപാരികള്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ അടുത്ത ചൊവ്വാഴ്ച അന്തിമ പ്രഖ്യാപനം ഉണ്ടാവും.
ശീതളപാനീയ കമ്പനികള്‍ വലിയ തോതില്‍ ജലചൂഷണം നടത്തുന്നത് കേരളത്തില്‍ വരള്‍ച്ചയ്ക്ക് കാരണമാകുന്നതായും ഇതാണ് തീരുമാനത്തിന് പിന്നിലെന്നും കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷന്‍ ടി. നസ്‌റുദ്ദീന്‍ അറിയിച്ചു. മാലിന്യ സംസ്‌കരണത്തില്‍ ശരിയായ നടപടികള്‍ സ്വീകരിക്കാന്‍ കമ്പനികള്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കോളയ്ക്കു പകരം കടകളില്‍ നാടന്‍ പാനീയങ്ങളും കരിക്കും വില്‍പന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകത്തിലെയും തമിഴ്‌നാട്ടിലെയും വ്യാപാരികള്‍ കൊക്കോ കോള, പെപ്‌സി എന്നിവയുടെ വില്‍പന നിര്‍ത്തിയിരുന്നു. ഇത്തരം ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാനാവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ വ്യാപാരികള്‍ തങ്ങളെ സമീപിച്ചിരുന്നതായി ടി. നസ്‌റുദ്ദീന്‍ പറഞ്ഞു.
കേരളത്തിലെ ഏഴ് ലക്ഷം വ്യാപാരികളാണ് വില്‍പന നിര്‍ത്താന്‍ ഒരുങ്ങുന്നത്. ചൊവ്വാഴ്ച വ്യാപാരികള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിനു ശേഷമായിരിക്കും എന്നുമുതലാണ് ഉല്‍പന്നങ്ങളുടെ വില്‍പന നിര്‍ത്തുന്നതെന്നത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടാവുക.
Discussion about this post