തൃശൂര്‍: ഭിന്നലിംഗക്കാര്‍ക്ക് പൊലീസിന്റെ മര്‍ദ്ദനം. ഇന്നലെ രാത്രിയാണ് ഭിന്നലിംഗക്കാരായ മൂന്നുപേര്‍ക്കെതിരെ പൊലീസ് ഒരു കാരണവുമില്ലാതെ അക്രമം അഴിച്ചുവിട്ടത്. രാഗരഞ്ജിനി, ദീപ്തി, അലീന എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പരുക്കേറ്റതിനെ തുടര്‍ന്ന് തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയെങ്കിലും ചില ഡോക്ടര്‍മാര്‍ ചികിത്സ നിഷേധിക്കുകയും ഇറക്കിവിടാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്.
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നും ഭക്ഷണം കഴിച്ചിറങ്ങി വീട്ടിലേക്ക് പോകാനായി ബസ് കാത്തുനില്‍ക്കുമ്പോഴാണ് ഒരു പൊലീസ് ജീപ്പ് തങ്ങളുടെ മുന്നില്‍ നിര്‍ത്തിയതും അതില്‍ നിന്നിറങ്ങിയവര്‍ ആക്രമണം ആരംഭിച്ചതെന്നും പരുക്കേറ്റവര്‍ പറയുന്നു. പൊലീസ് ജീപ്പിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ പുറത്തിറങ്ങി ചൂരല്‍വടിയെടുത്ത് തലങ്ങും വിലങ്ങും അടിച്ചു. കൈകാലുകളിലും തുടയിലും നെഞ്ചിലുമെല്ലാം ചൂരല്‍വടി കൊണ്ട് പൊലീസ് അടിച്ചുപൊട്ടിച്ച പാടുകള്‍ ഇവരുടെ ദേഹത്തുണ്ട്.
സമീപകാലത്ത് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയവരാണ് പൊലീസിന്റെ ക്രൂരതയ്ക്ക് ഇരയായ മൂന്നുപേരും. ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് മറ്റൊരു ദുരനുഭവം ഉണ്ടായത് ഇവര്‍ക്ക്. ആദ്യം ഒരു ഡോക്ടര്‍ വന്ന് പരിശോധിച്ചെങ്കിലും മറ്റൊരു ഡോക്ടര്‍ ഇവരെ ആട്ടിപ്പായിക്കാന്‍ ശ്രമിച്ചു.
എല്‍ജിബിടി പ്രവര്‍ത്തകയായ ശീതള്‍ ശ്യാം ആശുപത്രിയിലെത്തി ഒരുപാട് വാഗ്വാദങ്ങള്‍ നടത്തിയതിന് ശേഷമാണ് ഇവര്‍ക്ക് ചികിത്സ നല്കുവാന് ഡോക്ടര്‍മാര്‍ തയ്യാറായത്. ആശുപത്രിയില്‍ നിന്നും പരുക്കേറ്റ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ചികിത്സ നിഷേധിച്ച ഡോക്ടറുടെ പേര് ഫൈസി എന്നാണെന്നും ശീതള്‍ ശ്യാം വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post