ഡല്‍ഹി: യുപി നിയമസഭാ തെരഞ്ഞെടുപ്പിലെ വന്‍ വിജയത്തിനുശേഷം ആര്‍എസ്എസ് കേരളവും, ബംഗാളും ലക്ഷ്യം വെയ്ക്കുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയും, പശ്ചിമബംഗാളിലെ തൃണമൂള്‍ കോണ്‍ഗ്രസിനെതിരെയും പ്രതിരോധമാരംഭിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചു തുടങ്ങിയെന്നാണ് ഔദ്യോഗിക വിശദീകരണം.
2016-ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് കേരളത്തില്‍ ഒരു സീറ്റും, പശ്ചിമബംഗാളില്‍ മൂന്ന് സീറ്റും നേടാന്‍ സാധിച്ചിരുന്നു. ഇത് നേതൃത്വത്തിന് വന്‍ പ്രതീക്ഷയാണ് നല്‍കുന്നത്. ഇരു സംസ്ഥാനങ്ങളിലും ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരുകളെ പ്രതിരോധത്തിലാഴ്ത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇതു സംബന്ധിച്ച് ഈ ആഴ്ച കോയമ്പത്തൂരില്‍ ചേരുന്ന ആര്‍എസ്എസ് ഭാരവാഹികളുടെ അഖില ഭാരതീയ പ്രതിനിധി സഭാ സമ്മേളനം കേരളവും, ബംഗാളും പിടിച്ചെടുക്കുന്നതിനുള്ള കര്‍മ പദ്ധതി തയ്യാറാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ആദ്യ ഘട്ടത്തില്‍ ബംഗാളിനായിരിക്കും പ്രാധാന്യം നല്‍കുകയെന്ന് ആര്‍എസ്എസ് നേതൃത്വം വ്യക്തമാക്കി. ഭൂരിപക്ഷ സമുദായത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് തൃണമൂള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ആര്‍എസ്എസ് ആരോപിച്ചു. മാത്രമല്ല ഇതിനുപുറമെ കേരളത്തില്‍ ആര്‍എസ്എസിനെതിരെ നടക്കുന്ന അക്രമണങ്ങളും ചര്‍ച്ചാവിഷയമാകും.
കഴിഞ്ഞ വര്‍ഷം ഹൈദ്രാബാദില്‍ ചേര്‍ന്ന ആര്‍എസ്എസ് യോഗത്തില്‍ കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളെപറ്റിയും, ബംഗാളില്‍ ഹിന്ദുക്കള്‍ക്കുനേരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെയും ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം പാസാക്കിയിരുന്നുവെന്നും നേതൃത്വം വ്യക്തമാക്കി.
Discussion about this post