തിരുവനന്തപുരം: ഇടതു സര്‍ക്കാരിന്റെ വീഴ്ച ഒരിക്കല്‍ കൂടി വെളിവായി. ഈ മാസം 20ന് നടന്ന എസ്എസ്എല്‍സി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. ഈ പരീക്ഷ 30ന് വീണ്ടും നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു. സമാന ചോദ്യപേപ്പര്‍ മലപ്പുറത്തെ സ്വകാര്യ ട്യൂഷന് സെന്റര്‍ മുന്‍പ് പുറത്തിറക്കിയെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്ന് പുനഃപരീക്ഷയ്ക്ക് തീരുമാനിച്ചത്. ഇതേക്കുറിച്ച് പൊതുവിദ്യാഭ്യാസ സെക്രട്ടറി വിശദമായി അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ബജറ്റ് ചോര്‍ന്നതിന് പുറകെയാണ് ഏറെ പ്രാധാന്യമുള്ള എസ്എസ്എല്‍സി പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതും.
കണക്ക് പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ തയാറാക്കിയ അധ്യാപകന് മലപ്പുറത്തെ മെരിറ്റ് എന്നറിയപ്പെടുന്ന മലബാര്‍ എജ്യുക്കേഷന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനവുമായി ബന്ധമുണ്ടെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. ഈ അധ്യാപകന് അവിടെ ഗസ്റ്റ് അധ്യാപകനായി പ്രവര്‍ത്തിച്ചിരുന്നു. ഈ ഇന്‍സ്റ്റിറ്റ്യൂട്ട് തയാറാക്കിയ മോഡല്‍ ചോദ്യപേപ്പറുമായി എസ്എസ്എല്‍സി ചോദ്യപേപ്പറിന് അടുത്ത സാമ്യമുണ്ടെന്ന് പരാതി ഉയര്‍ന്നിരുന്നു. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിലും റിവിഷന്‍ പരീക്ഷ നടത്താന്‍ ചോദ്യക്കടലാസുകള്‍ തയാറാക്കി സ്കൂളുകള്‍ക്ക് ഈ ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കാറുണ്ട്.
ഇക്കുറി കണക്ക് ഏറെ പ്രയാസകരമായിരുന്നു. അതിനാലാണ് പലരും ചോദ്യപേപ്പര്‍ വിശദമായി പരിശോധിക്കാന്‍ തയാറായത്. ഇതില്‍ മോഡല്‍ ചോദ്യപേപ്പറിലെ 13 ചോദ്യങ്ങള്‍ എസ്എസ്എല്‍സി പേപ്പറിലും ഉള്‍പ്പെട്ടതായി കണ്ടെത്തി. 11 ചോദ്യങ്ങള്‍ അതേപടി പകര്‍ത്തിയത്. രണ്ടു ചോദ്യങ്ങള്‍ക്ക് സാമ്യമുണ്ട്. കാര്യങ്ങള്‍ ഇത്രയും വ്യക്തമായ സ്ഥിതിക്ക് പുനഃപരീക്ഷയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് അധികൃതര്‍ക്ക് വ്യക്തമായി. തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് പരീക്ഷ റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഡിപിഐ, പൊതുവിദ്യാഭ്യാസ സെക്രട്ടറി, പരീക്ഷാ സെക്രട്ടറി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍, പുതിയ ചോദ്യപേപ്പര്‍ അച്ചടിച്ച് പുനഃപരീക്ഷ സമയബന്ധിതമായി നടത്തുക ഏറെ വെല്ലുവിളി നിറഞ്ഞത്. ചോദ്യപേപ്പര്‍ ചോര്‍ച്ച സര്‍ക്കാരിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പ്പിച്ചു.
പരീക്ഷാ വിഭാഗത്തിലെ ജോയിന്റ് കമ്മീഷണറെയാണ് സര്‍ക്കാര്‍ പ്രാഥമികാന്വേഷണത്തിന് നിയോഗിച്ചത്. അദ്ദേഹം നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പഠിപ്പിക്കാത്ത പാഠഭാഗങ്ങളില്‍ നിന്ന് ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി കുട്ടികളെ കുഴക്കി ചോദ്യപേപ്പര്‍ തയാറാക്കിയെന്നു ചൂണ്ടിക്കാട്ടി നേരത്തെ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തിരുന്നു. പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടിരുന്നു.
Discussion about this post