കൊച്ചി: ലൈംഗീകാരോപണത്തെത്തുടര്‍ന്ന് രാജിവെച്ച ഗതാഗത മന്ത്രി എ കെ ശശീന്ദ്രനെ പിന്തുണച്ച് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്. സോളാര്‍ വിഷയത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കടിച്ചുതൂങ്ങിയതുപോലെ ശശീന്ദ്രന് ചെയ്തില്ല. ശശീന്ദ്രന് കാണിച്ചതാണ് അന്തസെന്നും ഉഴവൂര്‍ വിജയന് പറഞ്ഞു. ശശീന്ദ്രന്റെ രാജി പാര്‍ട്ടിയോ മുഖ്യമന്ത്രി പിണറായി വിജയനോ ആവശ്യപ്പെട്ടിട്ടില്ല. ആരോപണങ്ങള്‍ ഉയര്‍ന്ന് മിനിട്ടുകള്‍ക്കകം അദ്ദേഹം രാജി പ്രഖ്യാപിച്ചു. ശശീന്ദ്രനെതിരെ തെളിവോ മറ്റു കാര്യങ്ങളോ ഒന്നും തന്നെ വന്നിട്ടില്ല. അതിന് മുന്‍പു തന്നെ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ച് അദ്ദേഹം രാജിവെച്ചു. മുന്‍ സര്‍ക്കാരിന്റെ പോലെ ന്യായീകരിക്കാന്‍ ആരും വന്നില്ല. തെളിവുകള്‍ വരട്ടെ, തെറ്റുകള്‍ ഉണ്ടെങ്കില്‍ ശിക്ഷിക്കട്ടെയെന്നും വിജയന് പറഞ്ഞു. പാര്‍ട്ടിയില്‍ ആര്‍ക്കും ശശീന്ദ്രനോട് വിരോധമില്ല. അത്തരത്തിലുള്ള ഒരു ഗൂഢാലോചനയും നടന്നുവെന്ന് പ്രതീക്ഷിക്കുന്നില്ല. തോമസ് ചാണ്ടിയാണ് ആരോപണത്തിന് പിന്നിലെന്ന വാദവും തള്ളിക്കളയുന്നു. ആരാകണം മന്ത്രിയെന്ന കാര്യം ശരത് പവാറുമായും മുഖ്യമന്ത്രിയുമായും ആലോചിച്ച് തീരുമാനിക്കും. വിഷയത്തില്‍ ന്യായീകരിക്കാന്‍ താനില്ലെന്നും, അന്വേഷണം നടക്കട്ടെയെന്നും ഉഴവൂര്‍ വിജയന് പറഞ്ഞു.
ഇന്ന് സംപ്രേക്ഷണം ആരംഭിച്ച മംഗളം ടെലിവിഷന്‍ ചാനലാണ് മന്ത്രിയുടെ അശ്ലീലച്ചുവയുള്ള സംഭാഷണങ്ങളുടെ ഓഡിയോ ക്ലിപ് പുറത്തുവിട്ടത്. തന്റെടുത്ത് സഹായമാവശ്യപ്പെട്ട് എത്തിയ യുവതിയെ ഫോണില്‍ വിളിച്ച് അശ്ലീല സംഭാഷണം നടത്തിയതായാണ് ഓഡിയോ ക്ലിപ്പിലൂടെ വ്യക്തമാകുന്നത്. ആരോപണം ശക്തമായതിനെത്തുടര്‍ന്നാണ് ശശീന്ദ്രന് രാജിവെച്ചത്.
Discussion about this post