കോട്ടയം: രാജിവെച്ച മന്ത്രി എ.കെ. ശശീന്ദ്രന് പകരം തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതിനോട് എന്‍.സി.പി സംസ്ഥാന നേതൃത്വത്തിനും വിയോജിപ്പ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം എത്രയുംവേഗം പൂര്‍ത്തിയാക്കി ശശീന്ദ്രനെ തന്നെ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരാനാകുമോയെന്നും മുഖ്യമന്ത്രിയടക്കം മുതിര്‍ന്ന സി.പി.എം നേതാക്കളുമായി ചര്‍ച്ച നടത്തിവരികയാണ് എന്‍.സി.പി.
ജുഡീഷ്യല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കുറഞ്ഞത് മൂന്നുമാസമെങ്കിലും വേണ്ടിവരും. അതുവരെ മന്ത്രിയില്ലാതായാല് പാര്‍ട്ടിയുടെ നിലനില്‍പ്പുപോലും ചോദ്യംചെയ്യപ്പെടുമെന്ന ആശങ്കയും സംസ്ഥാന നേതാക്കള്‍ക്കുണ്ട്. പകരക്കാരനായി തോമസ് ചാണ്ടിയല്ലാതെ മറ്റൊരു സാധ്യത എന്‍.സി.പിക്ക് മുന്നിലില്ല. എം.എല്‍.എ അല്ലാത്ത ഒരാളെ മന്ത്രിയാക്കാന്‍ ഇടതുമുന്നണി സമ്മതിക്കില്ല. ഈ സാഹചര്യത്തില്‍ ഇനി എന്ത് എന്നത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. എന്നാല്‍, വേഗത്തില്‍ തന്നെ മന്ത്രിസഭയിലേക്ക് മടങ്ങിവരാനാകുമെന്ന സൂചനയാണ് ശശീന്ദ്രന് നല്‍കുന്നത്. പാര്‍ട്ടി സംസ്ഥാന നേതാക്കളുമായി തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയിലും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി. തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതില്‍ തനിക്കുള്ള അതൃപ്തി മുഖ്യമന്ത്രി എന്‍.സി.പി സംസ്ഥാന നേതൃത്വത്തോടും സി.പി.എം കേന്ദ്രനേതൃത്വത്തോടും പങ്കുവെച്ചതായാണ് വിവരം.
ഇതിന് പിന്നാലെയാണ് എന്‍.സി.പി സംസ്ഥാന നേതൃത്വവും തോമസ് ചാണ്ടി വിരുദ്ധ നിലപാടിലേക്ക് എത്തിയതെന്നാണ് സൂചന. ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേരുന്ന പാര്‍ട്ടി സംസ്ഥാന നേതൃയോഗത്തില്‍ പുതിയ മന്ത്രിക്കാര്യം ചര്‍ച്ചയാവും. മന്ത്രിസ്ഥാനത്തേക്ക് തോമസ് ചാണ്ടി വേണോ അതോ തല്ക്കാലം മന്ത്രി വേണ്ടെന്നുവെക്കണോ എന്നത് ചര്‍ച്ചചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന് ‘മാധ്യമ’ത്തോട് പറഞ്ഞു.
ചൊവ്വാഴ്ച പാര്‍ട്ടി നിലപാട് സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന് ഇടതുമുന്നണി നേതൃത്വത്തെ അറിയിക്കും. മുഖ്യമന്ത്രിയുമായി ചര്‍ച്ചയും നടത്തും. എന്‍.സി.പിയുടെ മന്ത്രിയായി തോമസ് ചാണ്ടിയെ ഉള്‍പ്പെടുത്തുന്നതിനോട് സി.പി.എം കേന്ദ്ര നേതൃത്വത്തിനും യോജിപ്പില്ലെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി കേന്ദ്രനേതൃത്വവുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് സി.പി.എം കേന്ദ്രനേതൃത്വവും എന്‍.സി.പി വിഷയത്തില്‍ ഇടപെട്ടത്.
ഗോവയില്‍ എന്‍.സി.പി ബി.ജെ.പിയെ പിന്തുണച്ചത് ചൂണ്ടിക്കാട്ടിയാണ് സി.പി.എം കേന്ദ്രനേതൃത്വം എതിര്‍പ്പ് വ്യക്തമാക്കിയത്. എന്നാല്‍, മന്ത്രിയെ നിശ്ചയിക്കുന്ന കാര്യം സംസ്ഥാനതലത്തില്‍ ചര്‍ച്ചചെയ്ത് തീരുമാനിച്ചാല്‍ മതിയെന്നും ഇടപെടില്ലെന്നും സി.പി.എം കേന്ദ്രനേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പുവേളയില്‍ താന്‍ മന്ത്രിയാകുമെന്നായിരുന്നു തോമസ് ചാണ്ടിയുടെ പ്രചാരണം. വകുപ്പും അന്നുതന്നെ അദ്ദേഹം നിശ്ചയിച്ചിരുന്നു. തോമസ് ചാണ്ടിയുടെ സമീപനത്തില്‍ അന്നുതന്നെ പിണറായി വിജയന് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
Discussion about this post