സൂറിച്ച്: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനക്ക് കനത്ത പരാജയം. മെസിയില്ലാതെ മത്സരിക്കാനിറങ്ങിയ അര്‍ജന്റീനയെ ബൊളീവിയ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. തോല്‍വിയോടെ ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ അര്‍ജന്റീന നാലാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. മറ്റുടീമുകളുടെ മത്സരഫലങ്ങളെ കൂടീ ആശ്രയിച്ചായിരിക്കും ഇനി അര്‍ജന്റീനയുടെ ലോകകപ്പ് സാധ്യതകള്‍. കളി തുടങ്ങുന്നതിന് അഞ്ചരമണിക്കൂര്‍ മുന്‍പാണ് അര്‍ജന്റീന ക്യാംപിനെ ഞെട്ടിച്ച് ക്യാപ്റ്റന്‍ മെസിയുടെ വിലക്കിന്റെ വാര്‍ത്ത എത്തുന്നത്. കഴിഞ്ഞ കളിയില്‍ നിന്നും ഏഴുമാറ്റങ്ങളുമായിട്ടാണ് അര്‍ജന്റീന ഇത്തവണയിറങ്ങിയത്. സെര്‍ജിയോ അഗ്യൂറോയെ ആദ്യ ഇലവനില്‍ അര്‍ജന്റീനിയന്‍ കോച്ച് ഉള്‍പ്പെടുത്തിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
പിന്നാലെ കളത്തിലിറങ്ങിയ അര്‍ജന്റീനയ്ക്കാകട്ടെ കളിയുടെ 29-ാം മിനിറ്റില്‍ ഗോളെന്നുറച്ച ആദ്യ അവസരം നഷ്ടമായി. പെനാല്‍റ്റി ബോക്സിനുളളില് നിന്നുളള എയ്ഞ്ചല്‍ ഡി മരിയയുടെ ഷോട്ട് ബൊളീവിയന്‍ ഗോളി കാര്‍ലോസ് ലാംപെ രക്ഷപ്പെടുത്തുകയുണ്ടായി. ഇതിനു പിന്നാലെ അര്‍ജന്റീനയെ ഞെട്ടിച്ച് ബൊളീവിയയുടെ ആദ്യഗോള്‍ പിറന്നു. ജുവാന്‍ കാര്‍ലോസ് ആഴ്സിന്റെ ഹെഡ്ഡറിലൂടെയായിരുന്നു ബൊളീവിയയുടെ ലീഡ്. രണ്ടാംപകുതിയില്‍ ആയിരുന്നു ബൊളീവിയയുടെ രണ്ടാംഗോള്‍ പിറന്നത്.
മാഴ്സിലോ മൊറേനോയുടെ ഒരു വലങ്കാലന്‍ ഷോട്ടാണ് ഗോളില്‍ കലാശിച്ചത്. മത്സരത്തിലേക്ക് തിരിച്ചുവരാനായി അര്‍ജന്റീന കിണഞ്ഞു പരിശ്രമിച്ചെങ്കിലും തോല്‍വിയായിരുന്നു ഫലം. ഇതുവരെ മെസിയില്ലാതെ കളിച്ച എട്ടുമത്സരങ്ങളില്‍ ഏഴിലും അര്‍ജന്റീന തോറ്റിട്ടുണ്ട്. അര്‍ജന്റീനയുടെ അടുത്ത മത്സരം ഓഗസ്റ്റില്‍ ഉറുഗ്വെയ്ക്കെതിരെയാണ്. ഇനി നാലുയോഗ്യതാമത്സരങ്ങള് കൂടി അര്‍ജന്റീനയ്ക്ക് അവശേഷിക്കുന്നുണ്ട്. ഇതില്‍ മൂന്നിലും ക്യാപ്റ്റന്‍ മെസിക്ക് കളിക്കാനാകില്ല.
ചിലിയുമായുള്ള മത്സരത്തിനിടെ അസിസ്റ്റന്റ് റഫറിയെ അസഭ്യം വിളിച്ചതിനാണ് മെസിക്ക് വിലക്ക്. ഫിഫ അച്ചടക്ക സമിതിയുടേതാണ് നടപടി. വിലക്കിനു പുറമെ ആറര ലക്ഷത്തോളം രൂപ പിഴയും വിധിച്ചിട്ടുണ്ട്. മല്‍സരത്തില്‍ മെസി നേടിയ ഗോളില്‍ അര്‍ജന്റീന വിജയിച്ചിരുന്നു.
ഇതോടെ അടുത്ത നാലു ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ മെസിക്കു നഷ്ടമാകും. ബുധനാഴ്ച ബൊളീവിയക്കെതിരെ അര്‍ജന്റീനക്ക് മത്സരമുണ്ട്. ഇതിലുള്പ്പെടെയാണ് വിലക്ക്. ചിലിക്കെതിരായ മത്സരത്തില്‍ ബ്രസീലിയന്‍ റഫറി ആദ്യ ഘട്ടത്തില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ പിന്നീട് വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം സംഭവത്തില്‍ പരാതി നല്‍കുകയായിരുന്നു. ഫൗള്‍ വിളിച്ച റഫറിക്കെതിരേ മെസി അതൃപ്തി പ്രകടിപ്പിക്കുന്നതും ചീത്ത വിളിക്കുന്നതുമാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്.
മറ്റൊരു യോഗ്യതാ മത്സരത്തില്‍ കൊളംബിയ രണ്ടുഗോളുകള്‍ക്ക് ഇക്വഡോറിനെ തോല്‍പ്പിച്ചു. കൊളംബിയക്കായി സൂപ്പര്‍താരം ജെയിംസ് റോഡ്രിഗസ് ഒരു ഗോള്‍ നേടി. ജുവാനാണ് മറ്റൊരു ഗോള്‍ നേടിയത്. ലാറ്റിന്‍ അമേരിക്കന്‍ ഗ്രൂപ്പില്‍ ബ്രസീല്‍ തന്നെയാണ് ഒന്നാംസ്ഥാനത്ത് തുടരുന്നത്.
Discussion about this post