തിരുവനന്തപുരം: ഫോണ്‍സംഭാഷണ വിവാദത്തിനെ തുടര്‍ന്ന് എ കെ ശശീന്ദ്രന് രാജിവെച്ച ഗതാഗതമന്ത്രി സ്ഥാനത്തേക്ക് എന്‍സിപി എംഎല്‍എ തോമസ് ചാണ്ടി മന്ത്രിയാകും. നാളെ വൈകിട്ട് നാല് മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് കുട്ടനാട് എംഎല്‍എ ഗതാഗതമന്ത്രിയായി അധികാരമേല്‍ക്കും. എകെ ശശീന്ദ്രനെതിരായ ജൂഡീഷ്യല്‍ അന്വേഷണം നടക്കട്ടെയെന്നും ശശീന്ദ്രന് മാറിനില്‍ക്കുന്നത് തന്നെയാണ് നല്ലതെന്നുമാണ് എല്‍ഡിഎഫ് യോഗത്തില്‍ ഉണ്ടായ പൊതു വികാരം. ഇതോടെയാണ് സിപിഐഎം കേന്ദ്ര നേതൃത്വം പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ച തോമസ് ചാണ്ടിക്ക് പിണറായി വിജയന് മന്ത്രിസഭയില്‍ അംഗമാകാന്‍ അവസരം ലഭിച്ചത്.
തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ നേരത്തെ എന്‍സിപി സംസ്ഥാന നേതൃത്വം തീരുമാനമെടുത്തിരുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് കൈമാറിയതോടെയാണ് എല്‍ഡിഎഫ് യോഗം ഇക്കാര്യത്തില്‍ തീരുമാനമായത്. മന്ത്രി എകെ ശശീന്ദ്രനെ കുടുക്കിയതാണെങ്കിലും ഇത്തരത്തിലൊരു സംഭാഷണം മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകാന്‍ പാടില്ലായിരുന്നു എന്നൊരു നിലപാടും യോഗത്തില്‍ ഉയര്‍ന്നിരുന്നു.
എന്‍സിപി തോമസ് ചാണ്ടിയെ നിര്‍ദ്ദേശിച്ചതോടെ ഇതിനെതിരായി നീങ്ങേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു. ഇതേ നിലപാടാണ് സിപിഐയും എടുത്തത്. എന്‍സിപിയുടെ മന്ത്രിയെ അവര്‍ തന്നെ തീരുമാനിക്കട്ടേയെന്ന നിലപാടാണ് ഘടകകക്ഷികളെടുത്തത്. ഇതോടെ എല്‍ഡിഎഫ് യോഗത്തില്‍ തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ തീരുമാനം ഉണ്ടാവുകയായിരുന്നു.
Discussion about this post